ഇത് കഴിക്കാൻ ഇനി കടകളിൽ പോകണ്ട , വീട്ടിൽ ഉണ്ടാക്കാം ഈസിയായി
ആവശ്യമുള്ള ചേരുവകൾ:
ചിക്കൻ –ഒരു കിലോ
കോൺഫ്ലവർ പൗഡർ –ഒരു കപ്പ്
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് –രണ്ട് ടീസ്പൂൺ
കശ്മീരി ചില്ലി പൗഡർ -രണ്ട് ടീസ്പൂൺ
നാരങ്ങനീര് –ഒരു ടീസ്പൂൺ
മുട്ട –രണ്ടെണ്ണം
ഉപ്പ് –ആവശ്യത്തിന്
ഗരം മസാല –ഒരു ടീസ്പൂൺ
ഓട്സ് –200 ഗ്രാം
മൈദ –250 ഗ്രാം
തൈര് –അര കപ്പ്
ഉണ്ടാക്കുന്ന വിധം:
ആദ്യം ചെയ്യേണ്ടത് എടുത്തുവെച്ച തൈര് ചിക്കനിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് കുറച്ചു ഉപ്പുകൂടി ഇട്ടുകൊടുക്കുക. ശേഷം വെളുത്തുള്ളിയും ഇഞ്ചിയുടെയും പേസ്റ്റ് ഇതിലേക്കിട്ട് നന്നായി കൈ കൊണ്ട് പുരട്ടിയെടുക്കുക. അടുത്തതായി ഇതിലേക്ക് കുറച്ചു നാരങ്ങനീരുകൂടി ചേർത്തു കൊടുക്കുക. നന്നായി മിക്സ് ചെയ്തെടുത്തതിനു ശേഷം ചിക്കനിലേക്ക് ഇതു പിടിക്കാൻ ഒരു മണിക്കൂർ നേരം മാറ്റിവെക്കാം.
ഈ സമയത്ത് നമുക്ക് ഇത് ഫ്രൈ ചെയ്തെടുക്കാൻ വേണ്ടിയുള്ള മസാലക്കൂട്ട് തയാറാക്കാം. ആദ്യമായി ചിക്കൻ കോട്ട് ചെയ്തെടുക്കാൻ വേണ്ടി മൈദയെടുക്കുക. ശേഷം ഇതിലേക്ക് ഇതിന്റെ കാൽഭാഗം കോൺഫ്ലവർ പൗഡർ ചേർത്തു കൊടുക്കാം. അടുത്തതായി ഇതിലേക്ക് ക്രിസ്പി കോട്ടിങ്ങിനു വേണ്ടി കുറച്ച് ഓട്സ് ചേർത്തു കൊടുക്കാം.
ശേഷം ഇതിലേക്ക് ഈ മാസാലക്കു വേണ്ടിയുള്ള ഉപ്പു ചേർത്തു കൊടുക്കുക. നല്ലൊരു മണവും ടേസ്റ്റും ലഭിക്കാൻ ഇതിലേക്ക് ഗരം മസാല കൂടി ചേർക്കാം. അടുത്തതായി ഇതിലേക്ക് മെയിനായും കളറിനു വേണ്ടിയും പിന്നെ ആവശ്യത്തിന് എരിവിനും രണ്ട് ടീസ്പൂൺ കശ്മീരി ചില്ലി ചേർത്തു കൊടുക്കാം. എല്ലാം ഇട്ടതിനു ശേഷം എല്ലാംകൂടി നന്നായി ഇളക്കി മിക്സ് ചെയ്തെടുക്കുക.
അടുത്തതായി എടുത്തുവെച്ച ചിക്കൻ, ഫ്രൈ ചെയ്തെടുക്കുക എന്നതാണ്. അതിനായി നമ്മൾ എടുത്തുവെച്ച മുട്ടയും ഇതിന്റെ കോട്ടിങ്ങായി എടുക്കുക. ശേഷം ഓരോ ചിക്കനുമായി എടുത്ത് നമ്മൾ തയാറാക്കിവെച്ച മസാലയിലേക്ക് ഇത് നന്നായി പുരട്ടിയെടുക്കുക. പിന്നീട് അതിൽ നിന്ന് എടുത്തുവെച്ച മുട്ടയിൽകൂടി ഒന്നിട്ട് മിക്സ് ചെയ്തെടുക്കുക. അടുത്തതായി വീണ്ടും ഈ മസാലയിലേക്കിട്ട് വീണ്ടും കോട്ട് ചെയ്തെടുക്കുക.
അങ്ങനെ എല്ലാ ചിക്കനും ഇതേ രീതിയിൽ ചെയ്ത് ഒരു ഫ്രൈപാൻ അടുപ്പിലേക്കുവെച്ച് അതിലേക്ക് എണ്ണയൊഴിച്ച് നന്നായി ചൂടായതിനു ശേഷം കോട്ട് ചെയ്തുവെച്ച ചിക്കൻ ഇതിലേക്ക് ഇട്ടുകൊടുക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ടത്, നമ്മൾ ചിക്കൻ കോട്ട് ചെയ്താൽ ഉടൻ തന്നെ ഫ്രൈ ചെയ്തെടുക്കേണ്ടതാണ്. അല്ലെങ്കിൽ ചിക്കൻ നല്ല ക്രിസ്പിയായി കിട്ടുകയില്ല. ചിക്കൻ നന്നായി ഫ്രൈയായി വന്നതിനു ശേഷം ഇത് എണ്ണയിൽ നിന്ന് കോരി മറ്റൊരു സെർവിങ് ഡിഷിലേക്ക് മാറ്റാം.