വഴുതനങ്ങ വാഴയിലയിൽ പൊള്ളിച്ചത്..

brinjal pollichathu

ശരീരഭാരം കുറയ്ക്കാനും ഹൃദയ ആരോഗ്യത്തിനുമെല്ലാം വളരെ നല്ലതാണ് വഴുതനങ്ങ. എന്നാൽ മിക്ക ആളുകൾക്കും ഇത് കഴിക്കാൻ വളരെ മടിയാണ്. അങ്ങനെയുള്ളവർക്ക് വഴുതനങ്ങ വച്ച് ഒരു അടിപൊളി വിഭവം ഉണ്ടാക്കി നൽകാം.

ആവശ്യമായവ 

വഴുതനങ്ങ - 1 വലുത്
സവാള - 2 ഇടത്തരം വലുപ്പത്തിലുള്ളത് (ചെറുതായി അരിഞ്ഞത്) 
തക്കാളി - 2 ( ചെറുതായി അരിഞ്ഞത്)
മുളക് - 4 ചെറുതായി അരിഞ്ഞത്
മുളകുപൊടി - 2 1/2 ടീസ്പൂൺ 
മഞ്ഞൾപൊടി - 1/2 ടീസ്പൂൺ  
അരിഞ്ഞ മല്ലിയില - 1/4 കപ്പ് 
നാരങ്ങ നീര് - 1/2 ടീസ്പൂൺ  
എണ്ണ - 1 ടീസ്പൂൺ 
കടുക്, കറിവേപ്പില, ഉപ്പ് - ആവശ്യത്തിന് 
വാഴയില 

തയ്യാറാക്കുന്ന വിധം 

ആദ്യം ഒരു പാനിൽ എണ്ണയൊഴിച്ച് കടുക് വറുക്കുക. ശേഷം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി, തക്കാളി, പച്ചമുളക്, കറിവേപ്പില എന്നിവയിട്ട് ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി വഴറ്റിയെടുക്കുക. നന്നായി വെന്ത് കുഴഞ്ഞു വരുമ്പോൾ 1/2 ടീസ്പൂൺ മുളക് പൊടിയും ചേർത്ത് യോജിപ്പിക്കുക. ഈ കൂട്ടിൽ നിന്നും എണ്ണ തെളിഞ്ഞു വന്നു തുടങ്ങുമ്പോൾ തീ ഓഫ് ചെയ്ത് ഇറക്കി വയ്ക്കുക.

ഇനി വഴുതനങ്ങ കഴുകി അധികം കട്ടിയില്ലാതെ വട്ടത്തിൽ മുറിച്ചെടുക്കുക. ബാക്കിയുള്ള മുളക് പൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും നാരങ്ങാ നീരും മല്ലിയിലയും ചേർത്ത് മിക്സ് ചെയ്ത് ആ മസാല പേസ്റ്റ് വഴുതനങ്ങയുടെ ഇരുവശത്തും തടവുക. ശേഷം വഴുതനങ്ങ ഭാഗികമായി വേവുന്നത് വരെ ഒരു പാനിൽ അൽപ്പം എണ്ണയൊഴിച്ച്  ഷാലോ ഫ്രൈ ചെയ്യുക.

 ഇതും തയ്യാറായ ശേഷം വാഴയില ചെറുതായൊന്നു വാറ്റിയെടുത്ത ശേഷം അതിലേക്ക് അൽപ്പം മസാല ഇട്ട ശേഷം മുകളിൽ വാര്ത്ത മാറ്റി വച്ചിരിക്കുന്ന വഴുതനങ്ങ കഷ്ണം വച്ച് വീണ്ടും മുകളിൽ മസാലയിട്ട് വാഴയില പതിഞ്ഞെടുക്കുക. എല്ലാ കഷ്ണങ്ങളും ഇങ്ങനെ ചെയ്ത ശേഷം വഴുതനങ്ങ വാര്ത്ത പാനിൽ തന്നെയിട്ട് പൊള്ളിച്ചെടുക്കുക.

Tags