ഈസ്റ്റർ ദിനത്തിൽ അപ്പത്തിനൊപ്പം തയ്യാറാക്കാം ബീഫ് കുറുമ..!

google news
beef kuruma

ആവശ്യമായവ 

ബീഫ് – ഒരു കിലോ, ചെറിയ കഷണങ്ങളാക്കിയത്
നെയ്യ്, എണ്ണ – കാൽ കപ്പ് വീതം
സവാള നീളത്തിൽ അരിഞ്ഞത് – ഒരു കപ്പ്
ഗ്രാമ്പൂ – ഒൻപത്
ഏലയ്ക്ക – ആറ്
കറുവാപ്പട്ട – ഒരിഞ്ചു നീളമുള്ള നാലു കഷണം
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
വെളുത്തുള്ളി അരച്ചത് – രണ്ടു ചെറിയ സ്പൂൺ
ഇഞ്ചി അരച്ചത് – രണ്ടു ചെറിയ സ്പൂൺ
മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ, അരച്ചത്
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
തക്കാളി കഷണങ്ങളാക്കിയത് – അരക്കപ്പ്
തേങ്ങ ചുരണ്ടിയത് – കാൽ കപ്പ്
കശുവണ്ടിപ്പരിപ്പ് – 12
തേങ്ങാപ്പാൽ – അരക്കപ്പ്, ഒരു കപ്പ് തേങ്ങ ചുരണ്ടി പിഴിഞ്ഞെടുത്തത്
പുളിയില്ലാത്ത തൈര് – കാൽ കപ്പ്
ഉണക്കമുന്തിരി അരച്ചത് – രണ്ടു ചെറിയ സ്പൂൺ
പച്ചമുളക് – ആറ്, അറ്റം പിളർന്നത്
നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
മല്ലിയില, പുതിനയില – കാൽ കപ്പ് വീതം

തയ്യാറാക്കുന്ന വിധം 

ബീഫ് കഴുകി വൃത്തിയാക്കി വയ്ക്കുക. നെയ്യും എണ്ണയും ചൂടാക്കി സവാള ചേർത്ത് വഴറ്റുക. ഇളം ചുവപ്പുനിറത്തിലായി മൂത്തമണം വരുമ്പോൾ ഗ്രാമ്പൂ, ഏലയ്ക്ക, കറുവാപ്പട്ട എന്നിവ ചേർത്തു വഴറ്റുക.

ശേഷം ഇതിൽ മഞ്ഞൾപ്പൊടി ചേർത്തു മൂത്തമണം വരുമ്പോൾ വെളുത്തുള്ളി അരച്ചതു ചേർത്തു വഴറ്റിയ ശേഷം ഇഞ്ചി അരച്ചതു ചേർത്തു വഴറ്റുക. ഇതിൽ മല്ലിപ്പൊടിയും മുളകുപൊടിയും ചേർത്തു ചെറുതീയിൽ വഴറ്റണം.

ഇതിലേക്കു തക്കാളി ചേർത്തു വഴറ്റിയ ശേഷം ബീഫ് ചേർത്ത് അൽപസമയം വഴറ്റുക. ഇനി ഇതിൽ തേങ്ങയും കശുവണ്ടിപ്പരിപ്പും അരച്ച് തേങ്ങാപ്പാലിൽ കലക്കി ചേർക്കണം.ഇറച്ചി പകുതി വെന്ത ശേഷം പുളിയില്ലാത്ത തൈരും ഉണക്കമുന്തിരി അരച്ചതും പച്ചമുളകും ചേർത്തു പാത്രം മൂടി വച്ചു വേവിക്കുക.

കഷണങ്ങളിൽ ചേരുവകൾ പിടിച്ച ശേഷം വാങ്ങുന്നതിന് അൽപം മുൻപ് നാരങ്ങാനീരു ചേർക്കുക. ചാറ് അധികം കുറുകാതെ ഇടത്തരം അയവിൽ ആയിരിക്കണം.

കടപ്പാട് : രുചി മലയാളം ഫേസ്ബുക് പേജ് 

Tags