മീൻ മുളകിട്ടതെങ്കിൽ ഹാ സൂപ്പർ...
ചേരുവകൾ
•അയല - 1/2 കിലോഗ്രാം
•വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
•വാളൻപുളി - നെല്ലിക്ക വലുപ്പത്തിൽ
•ചെറിയ ഉള്ളി അരിഞ്ഞത് - 1/4 കപ്പ്
•ഇഞ്ചി അരിഞ്ഞത് - 1 ടേബിൾസ്പൂൺ
•വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിൾസ്പൂൺ
•മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
•കാശ്മീരി മുളകുപൊടി - 1& 1/2 ടേബിൾ സ്പൂൺ
•ഉലുവപ്പൊടി - 1/4 ടീസ്പൂൺ
•മുളകുപൊടി - 1/2 ടേബിൾസ്പൂൺ
•മല്ലിപ്പൊടി - 1/2 ടീസ്പൂൺ
•ചെറിയ ഉള്ളി - 15
•വെളുത്തുള്ളി - 5
•കടുക് - 1/2 ടീസ്പൂൺ
•കറിവേപ്പില - കുറച്ച്
•പച്ചമുളക് -3
•തക്കാളി - 1
•ചൂടുവെള്ളം - 1 ഗ്ലാസ്
•ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
•മീൻ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി നുറുക്കി മാറ്റിവയ്ക്കാം. ഇനിയൊരു പാൻ എടുത്ത് അതിനകത്തേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം 15 ചെറിയ ഉള്ളിയും 5 വെളുത്തുള്ളിയും ഇട്ടുകൊടുത്ത് നന്നായി വഴറ്റി എടുക്കാം. വഴന്നു വന്നു കഴിഞ്ഞാൽ ഒരു തക്കാളിയുടെ പകുതി അരിഞ്ഞതും കൂടി ഇട്ടുകൊടുത്ത് വീണ്ടും വഴറ്റുക, ശേഷം ഇതിനകത്തേക്ക് പൊടികൾ ഇട്ടു കൊടുക്കാം. അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, കാശ്മീരി മുളകുപൊടി ഒന്നര ടേബിൾസ്പൂൺ, അര ടേബിൾ സ്പൂൺ സാധാരണ മുളകുപൊടി, കാൽ ടീസ്പൂൺ ഉലുവപ്പൊടി ഇത്രയും ഇട്ടുകൊടുത്ത് തീ കുറച്ചു വഴറ്റി എടുക്കുക. ശേഷം തീ ഓഫ് ചെയ്യാം ചൂടാറി വന്നതിനുശേഷം മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക.
•നാരങ്ങാ വലുപ്പത്തിലുള്ള പുളിയെടുത്ത് കുറച്ചു വെള്ളം ഒഴിച്ച് അത് പിഴിഞ്ഞ് വെള്ളം റെഡിയാക്കി വയ്ക്കാം.
•ശേഷം മീൻ ചട്ടി അടുപ്പിൽ വച്ച് ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ചുകൊടുത്ത് അര ടീസ്പൂൺ കടുകും കൂടിയിട്ട് പൊട്ടി വന്നതിനു ശേഷം ഒരു ടേബിൾ സ്പൂൺ ഇഞ്ചി അരിഞ്ഞതും ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി അരിഞ്ഞതും, കാൽ കപ്പ് ചെറിയ ഉള്ളി അരിഞ്ഞതും കൂടെ ഇട്ട് ചെറുതായി വഴറ്റിയെടുക്കുക. ശേഷം തക്കാളിയുടെ മറ്റേ പകുതി കൂടി അരിഞ്ഞ് ഇട്ടു കൊടുക്കാം. കുറച്ച് കറിവേപ്പില കൂടി ഇട്ടുകൊടുത്ത് വീണ്ടും നന്നായി വഴറ്റിയെടുക്കുക.
നമ്മൾ നേരത്തെ അരച്ചുവച്ച മിശ്രിതം കൂടി ഇട്ടുകൊടുത്ത് ഒന്നുകൂടെ വഴറ്റിയെടുക്കാം. ശേഷം പുളി വെള്ളം കൂടി ഒഴിച്ചു കൊടുക്കുക ആവശ്യമാണെങ്കിൽ കുറച്ചുകൂടി വെള്ളം ഒഴിച്ചു കൊടുക്കാം. എല്ലാം കൂടെ നന്നായി തിളച്ചു വന്നതിനുശേഷം തയ്യാറാക്കി വെച്ച മീൻ കഷണങ്ങൾ കൂടി ഇട്ടുകൊടുക്കുക. ഇത് ചുറ്റിച്ചു കൊടുത്ത് വേവിച്ചെടുക്കാം. ശേഷം കറിവേപ്പില കൂടിയിട്ട് കറി കുറച്ച് നേരം അടച്ചു വയ്ക്കുക. സ്വാദിഷ്ടമായ അയല മുളകിട്ടത് തയാർ.