മുട്ടക്കറി പതിനഞ്ച് മിനുറ്റ് കൊണ്ട് തയ്യാറാക്കാം
EGG CURRY
പാലും ക്രീമും ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്. എന്നുവച്ച് ഇത് മുഴുവനായി ക്രീം ആണെന്ന് കരുതേണ്ട. ഇത് ഇഷ്ടാനുസരണം മാത്രം ചേര്‍ത്താല്‍ മതി.

രാവിലെ ബ്രേക്ക്ഫാസ്റ്റിന് കറികള്‍ തയ്യാറാക്കാൻ മിക്കവര്‍ക്കും മടിയാണ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും എന്നാല്‍ ഏറെ രുചിയുള്ളതുമായൊരു മുട്ടക്കറിയുടെറെസിപിയാണിനി പങ്കുവയ്ക്കുന്നത്. ബ്രഡിന്‍റെയോ ചപ്പാത്തിയുടെയോ ദോശയുടെയോ ഇടിയപ്പത്തിന്‍റെയോ എല്ലാം കൂടെ കഴിക്കാവുന്നതാണ് ഈ മുട്ടക്കറി.

പാലും ക്രീമും ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്. എന്നുവച്ച് ഇത് മുഴുവനായി ക്രീം ആണെന്ന് കരുതേണ്ട. ഇത് ഇഷ്ടാനുസരണം മാത്രം ചേര്‍ത്താല്‍ മതി.

മുട്ട, ഉള്ളി- പച്ചമുളക് പേസ്റ്റ്,  ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ജീരകപ്പൊടി, കുരുമുളകുപൊടി, ഗരം മസാലപ്പൊടി, പാല്‍, ക്രീം എന്നിവയാണ് കറിക്ക് ആവശ്യമായി വരുന്ന ചേരുവകള്‍. ഇതിന് പുറമെ എണ്ണ, ഉപ്പ്, മല്ലിയില എന്നിവയും പാചകത്തിനായി ഉപയോഗിക്കാം.

ഇനിയിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആദ്യമേ മുട്ട പുഴുങ്ങിയത് രണ്ട് കഷ്ണങ്ങളാക്കി നെടുകെ മുറിച്ച് മാറ്റിവയ്ക്കണം. ഒരു പാനില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് ഉള്ളി-പച്ചമുളക് പേസ്റ്റ് ചേര്‍ത്ത് ഒന്ന് വഴറ്റുക. തീ കൂട്ടിവച്ച് വഴറ്റിക്കൊണ്ടേയിരുന്നാല്‍ കരിയാതെയോ ബ്രൗണ്‍ നിറം കയറാതെയോ തന്നെ ഇത് വഴണ്ടുവരും.

ഇതിലേക്ക് ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് കൂടി ചേര്‍ത്ത് വഴറ്റുക. ഇനി മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, ഗരം മസാലപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കാം. ശ്രദ്ധിക്കുക, എരിവിനായി പച്ചമുളകും കുരുമുളക് പൊടിയും മാത്രമേ നമ്മള്‍ ഈ കറിയിലേക്ക് ചേര്‍ക്കുന്നുള്ളൂ. അതിനാല്‍ ഇവ ചേര്‍ക്കുമ്പോള്‍ അതുകൂടി മനസില്‍ കരുതുക.

മസാലയെല്ലാം വെന്തുകഴിഞ്ഞാല്‍ ഇതിലേക്ക് പതിയെ പാല്‍ ചേര്‍ക്കാം. ഇതൊന്ന് തിക്ക് ആകാനും വിടാം. ഇതിന് ശേഷം അല്‍പം ക്രീമും ചേര്‍ക്കാം. പാലും ക്രീമും അധികമാകാതെ പ്രത്യേകം ശ്രദ്ധിക്കുക. കറി നന്നായി പാകമായാല്‍ മുട്ട കൂടി ചേര്‍ത്ത് അല്‍പസമയം കൂടി അടുപ്പത്ത് വച്ച ശേഷം മല്ലിയിലയും ഇട്ട് വാങ്ങിവയ്ക്കാം. വളരെ എളുപ്പത്തില്‍ തന്നെ ഈ കറി തയ്യാറായി കിട്ടും.

Share this story