തയ്യാറാക്കാം ചിക്കൻ- ടെര്‍മെറിക് സൂപ്പ്...
chicken1

വളരെ ആരോഗ്യകരമായൊരു ഭക്ഷണമാണ് സൂപ്പ്. ഇത് തന്നെ പല വിധത്തിലും തയ്യാറാക്കാം.  ഒരേസമയം രുചികരവും അതേസമയം ആരോഗ്യപ്രദവുമായൊരു സൂപ്പ് തയ്യാറാക്കുന്നത് എങ്ങനെയാണെന്നാണ് ഇനി പങ്കുവയ്ക്കുന്നത്. ചിക്കൻ-ടെര്‍മെറിക് ( Chicken Soup ) സൂപ്പ് റെസിപിയാണ് പങ്കുവയ്ക്കുന്നത്.

പേരില്‍ സൂചിപ്പിക്കും പോലെ തന്നെ ചിക്കനും മഞ്ഞളുമാണ് ഇതിലെ ( Chicken Soup ) പ്രധാന ചേരുവകള്‍. ഇതിന് പുറമെ ഇഷ്ടാനുസരണം പച്ചക്കറികളും ചേര്‍ക്കാം. ധാരാളം പോഷകങ്ങളുള്ള ഭക്ഷണമാണ് ചിക്കനെന്ന് നമുക്കറിയാം. അതുപോലെ തന്നെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ ഏറെ സഹായകമായ ചേരുവയാണ് മഞ്ഞള്‍.

ഇനി ഈ സൂപ്പ് എങ്ങനെയാണ് തയ്യാറാക്കുകയെന്ന് ( Soup Recipe ) നോക്കാം.

ആദ്യം ഒരു പാൻ അടുപ്പത്ത് വച്ച്, അത് ചൂടാകുമ്പോള്‍ എണ്ണ ചേര്‍ത്ത് പച്ചക്കറികളിട്ട് വഴറ്റിയെടുക്കാം. കാരറ്റ്, ഉള്ളി,സ്പ്രിംഗ് ഒനിയൻ, കാപ്സിക്കം എന്നിങ്ങനെ ഇഷ്ടമുള്ള പച്ചക്കറികള്‍ ചേര്‍ക്കാവുന്നതാണ്. ഇതൊന്ന് വഴണ്ടുവരുമ്പോള്‍ ഇതിലേക്ക് കുരുമുളക് പൊടി, ഗരം മസാലപ്പൊടി, ഉപ്പ് എന്നിവ ചേര്‍ക്കാം.

ഇനി ചിക്കൻ വേവിച്ച വെള്ളം ചേര്‍ക്കാം. ഇതാണ് എപ്പോഴും സൂപ്പുകള്‍ക്ക് രുചി കൂട്ടുന്ന ഘടകം. ഇതുകൂടി ചേര്‍ത്ത് മൂന്നോ നാലോ മിനുറ്റ് തിളപ്പിച്ച ശേഷം ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ക്കാം. വീണ്ടും ഒരു മൂന്ന് മിനുറ്റ് കൂടി തീ കുറച്ച് വച്ച ശേഷം ചിക്കൻ കഷ്ണങ്ങള്‍ ഇട്ടുകൊടുക്കാം. വേവിച്ച് ചെറുതാക്കി വച്ച കഷ്ണങ്ങളാണ് ചേര്‍ക്കേണ്ടത്. എല്ലും ഉപയോഗിക്കുന്നതാണ് നല്ലത്.

ചിക്കൻ ചേര്‍ക്കുമ്പോള്‍ തന്നെ ഒന്നര ടീസ്പൂണ്‍ മഞ്ഞള്‍ ചേര്‍ക്കുക. ഇനി തീ കുറച്ച് എല്ലാം നന്നായി യോജിക്കും വരെ അടുപ്പത്ത് തന്നെ വയ്ക്കാം. സൂപ്പ് തയ്യാറായെന്ന് തോന്നുമ്പോള്‍ ഇത് വാങ്ങിവച്ച് മല്ലിയില ചേര്‍ത്ത് അലങ്കരിച്ച് ചൂടോടെ തന്നെ ഉപയോഗിക്കാം. ഇങ്ങനെ തയ്യാറാക്കുന്ന സൂപ്പുകള്‍ കുട്ടികളെ കൂടി കഴിച്ച് പരിശീലിപ്പിക്കുന്നത് വളരെ നല്ലതാണ്.

Share this story