ചിക്കന്‍ ലോലീപോപ്പ് ഇനി ആവിയില്‍ വേവിച്ച് തയാറാക്കാം
chicken lolipop

ആവശ്യമായ ചേരുവകള്‍

അരിപ്പൊടി – ഒന്നേകാല്‍ ഗ്ലാസ്
വെള്ളം – ഒന്നേകാല്‍ ഗ്ലാസ്
ഉപ്പ് – ആവശ്യത്തിന്
ബീറ്റ്‌റൂട്ട് – ഒരെണ്ണം
സ്‌ക്യൂവേര്‍സ് അല്ലെങ്കില്‍ ടൂത്ത്പിക്ക്
വെള്ള എള്ള് – 2 ടേബിള്‍സ്പൂണ്‍ (ഫില്ലിങ്ങിന് ആവശ്യമുള്ളത്)
ചിക്കന്‍ ബ്രെസ്റ്റ് – 200 ഗ്രാം
സവാള – 1 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
മുളക്‌പൊടി – 1/2 ടീസ്പൂണ്‍
പെരും ജീരകം പൊടിച്ചത് – 1/4 ടീസ്പൂണ്‍
ഗരം മസാല – 1/2 ടീസ്പൂണ്‍
മല്ലിയില – 1 ടേബിള്‍ സ്പൂണ്‍
കെച്ചപ്പ് – 1 ടേബിള്‍ സ്പൂണ്‍
ഉപ്പ്
ഓയില്‍

തയാറാക്കുന്ന വിധം

വെള്ളം ചേര്‍ത്ത് ബീറ്റ്‌റൂട്ട് ഗ്രൈന്‍ഡ് ചെയ്ത് അരിച്ചെടുത്ത് ഒരു പാനില്‍ തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ ഉപ്പും അരിപ്പൊടിയും ചേര്‍ക്കുക. നന്നായി മിക്‌സ് ചെയ്ത് 2 മിനിറ്റ് പാകം ചെയ്‌തെടുക്കുക. ഒരു ബൗളിലേക്ക് മാറ്റി അടച്ചു വെക്കുക. നമ്മുടെ മാവ് റെഡി. ഇനി മസാല തയാറാക്കാം. ചിക്കന്‍ കുക്കറില്‍ കുരുമുളക് പൊടിയും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഉപ്പും ചേര്‍ത്ത് ഒരു 90% പാകം ചെയ്‌തെടുക്കാം. ശേഷം മഞ്ഞള്‍പൊടിയും മുളക്‌പൊടിയും ഉപ്പും ചേര്‍ത്ത് ചിക്കന്‍ മാരിനേറ്റ് ചെയ്യാം.

ഒരു പാനില്‍ നേരിയ രീതിയില്‍ ഷാലോ ഫ്രൈ ചെയ്‌തെടുക്കാം. ശേഷം കൈ കൊണ്ട് പിച്ചിയെടുത്തു ചെറിയ കഷ്ണങ്ങള്‍ ആക്കാം. ചിക്കന്‍ വേവിച്ച പാനില്‍ തന്നെ സവാള ഇട്ടു കൊടുത്തു വഴറ്റിയെടുക്കാം. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. വഴറ്റുക. അതിലേക്ക് പിച്ചി വെച്ച ചിക്കന്‍ കഷ്ണങ്ങള്‍ ഇട്ടു കൊടുക്കുക. 2-3 മിനിറ്റ് ഫ്രൈ ചെയ്യുക. ഇനി അതിലേക്ക് മഞ്ഞള്‍പ്പൊടി മുളക്‌പൊടി പെരും ജീരകം പൊടിച്ചത് ഗരം മസാലയും ചേര്‍ത്ത് യോജിപ്പിക്കുക. മല്ലിയില ചേര്‍ത്ത് കൊടുക്കാം. ടൊമാറ്റോ കെച്ചപ്പ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഫില്ലിംഗ് റെഡി.
ഇനി തയാറാക്കി വെച്ച മാവില്‍ നിന്ന് ചെറിയ കഷ്ണം എടുത്ത് കൈയില്‍ വെച്ച് പരത്തി അല്പം സ്റ്റഫിങ് വെച്ച് കൊടുത്ത് ഉരുളകള്‍ ആക്കി എടുത്ത് മുകള്‍ ഭാഗം വെള്ള എള്ളില്‍ മുക്കുക. എന്നിട്ട് ഓരോ സ്‌ക്യുവേര്‍സ് ഓരോ ബോളില്‍ കുത്തി കൊടുക്കുക. 15 മിനിറ്റ് സ്റ്റീം ചെയ്‌തെടുക്കുക. നമ്മുടെ സ്റ്റീംഡ് ചിക്കന്‍ ലോലിപോപ്പ് റെഡി.

Share this story