പുതിന ചിക്കന്‍ കറി വീട്ടിൽ തന്നെ തയ്യാറാക്കാം

google news
Chicken Curry  mint

അധികം എരിവില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് പെട്ടെന്ന് ഇഷ്ടപ്പെടുന്ന ഒന്നാണ് പുതിന ചിക്കന്‍ കറി. വ്യത്യസ്തമായ രുചിയായതിനാല്‍ വീട്ടിലെത്തുന്ന അതിഥികള്‍ക്കും പുതിന ചിക്കന്‍ കറി ഒരു പുതിയ അനുഭവമായിരിക്കും. ചിക്കന്‍ കറിയുടെ പല വകഭേദങ്ങള്‍ ഉണ്ടെങ്കിലും സ്ഥിരം മസാല മണത്തില്‍ നിന്നൊക്കെ മാറി തികച്ചും വ്യത്യസ്തമാണ് പുതിന ചിക്കന്‍ കറി. ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍ – 1 കിലോ

സവാള – 1 വലുത്

തക്കാളി – 1 വലുത്

പച്ചമുളക് – 4

കറിവേപ്പില – ഒരു തണ്ട്

പുതിന – അര കപ്പ്

മല്ലിയില അരിഞ്ഞത് – അര കപ്പ്

ഇഞ്ചി – 1 ചെറുത്

വെളുത്തുള്ളി – രണ്ട് അല്ലി

ചിക്കന്‍ മസാലപ്പൊടി – രണ്ട് ടേബിള്‍ സ്പൂണ്‍

ഗരം മസാല – 1 ടീസ്പൂണ്‍

തൈര് – അര കപ്പ്

നാരങ്ങാ നീര് – 1 ടേബിള്‍ സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

എണ്ണ – രണ്ട് ടേബിള്‍ സ്പൂണ്‍

ചിക്കനില്‍ പുരട്ടിവെക്കാന്‍

മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍

ചിക്കന്‍ മസാലപ്പൊടി – 1 ടേബിള്‍ സ്പൂണ്‍

കാശ്മീരി മുളക്‌പൊടി – 1 ടീസ്പൂണ്‍

കുരുമുളക് പൊടി – അര ടീസ്പൂണ്‍

മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍

ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ചിക്കന്‍ നല്ലതു പോലെ കഴുകി വൃത്തിയാക്കി ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് ചേര്‍ത്ത് വെള്ളത്തില്‍ മുക്കി വെയ്ക്കുക. 10 മിനിട്ടിന് ശേഷം വെള്ളം കളഞ്ഞ് മാറ്റി വെയ്ക്കുക. ഇനി ഇതിലേക്ക് ചിക്കനില്‍ പുരട്ടി വെയ്ക്കാന്‍ മേല്‍പറഞ്ഞ മസാലകളെല്ലാം ചേര്‍ക്കുക.

അതിനു ശേഷം പുതിന, മല്ലിയില, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇനി ഒരു നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിയ്ക്കുക. ഇതിലേക്ക് പച്ചമുളക്, സവാള, കറിവേപ്പില എന്നിവ ചേര്‍ത്ത് നല്ലതു പോലെ വഴറ്റിയെടുക്കാം. ഇനി ഇതിലേക്ക് അരപ്പു പിടിക്കാന്‍ മാറ്റി വച്ച ചിക്കന്‍ ചേര്‍ക്കാം. പാനിലുള്ള അരപ്പുമായി ചിക്കന്‍ നന്നായി ഇളക്കി ചേര്‍ക്കുക. അടുത്തതായി നേരത്തേ അരച്ചു വെച്ചിരിക്കുന്ന പുതിന കൂട്ട് കൂടി ചേര്‍ത്ത് വഴറ്റാം. ഇനി നേരത്തേ അരിഞ്ഞ് വെച്ചിരിക്കുന്ന തക്കാളി കൂടി ഇതിലേക്ക് ചേര്‍ത്ത് നല്ലതു പോലെ വഴറ്റാം. ഇനി ഇതിലേക്ക് അല്‍പം തൈരും വെള്ളവും ഉപ്പും കൂടിയിട്ട് നന്നായി ഇളക്കി ചേര്‍ക്കുക.

അല്‍പസമയത്തിനു ശേഷം ചിക്കന്‍ മസാല ചേര്‍ക്കാം. ഇനി ചെറുചൂടില്‍ അടച്ച് വെച്ച് 25 മിനിട്ടോളം വേവിയ്ക്കാം. അവസാനമായി ഇതിലേക്ക് ഗരം മസാലപ്പൊടി ചേര്‍ത്ത് പാകത്തിന് വെള്ളം ചേര്‍ത്ത് ചാറ് കുറുകുന്നത് വരെ വേവിയ്ക്കാം. രുചികരമായ പുതിന ചിക്കന്‍ കറി തയ്യാര്‍.

Tags