ഗ്രാമി അവാര്‍ഡ്സില്‍ തിളങ്ങി സാക്കിര്‍ ഹുസൈന്‍; സ്വന്തമാക്കിയത് 3 പുരസ്‌കാരങ്ങൾ

google news
zakir hussain

ലോസ് ആഞ്ജലീസ്: 3 പുരസ്‌കാരങ്ങൾ നേടി സംഗീത ലോകത്തെ ഏറ്റവും ജനപ്രിയ പുരസ്‌കാരമായ ഗ്രാമി അവാര്‍ഡ്സില്‍ തിളങ്ങി തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈന്‍. മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപെററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം സ്വന്തമാക്കിയത്.

ആസ് വി സ്പീക്ക് എന്ന ആല്‍ബത്തിലെ 'പാഷ്‌തോ' എന്ന ഗാനത്തിലൂടെ രാകേഷ് ചൗരസ്യ, ബെല ഫ്‌ലെക്ക്, എഡ്ഗാര്‍ മേയര്‍ എന്നിവരോടൊപ്പമാണ് സക്കീര്‍ ഹുസൈന്‍ മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം നേടിയത്. രാകേഷ് ചൗരസ്യ, ബെല ഫ്‌ലെക്ക്, എഡ്ഗാര്‍ മേയര്‍ എന്നിവരോടൊപ്പം സാക്കിര്‍ ഹുസൈന്‍ ഒരുക്കിയ 'ആസ് വി സ്പീക്ക്' എന്ന ആല്‍ബമാണ് മികച്ച കണ്ടംപെററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം വിഭാഗത്തിലെ പുരസ്‌കാരം സ്വന്തമാക്കിയത്.

സാക്കിര്‍ ഹുസൈന്‍, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, താളവാദ്യ വിദഗ്ധന്‍ വി സെല്‍വഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലന്‍, ബ്രിട്ടീഷ് ഗിറ്റാറിസ്റ്റ് ജോണ്‍ മക്ലാഫിന്‍ എന്നിവര്‍ ചേർന്നൊരുക്കിയ 'ദിസ് മൊമന്റ്' എന്ന ആൽബത്തിനാണ് മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.