ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ തരം​ഗമായി കെജിഎഫ് 2 ; അഞ്ചാം ദിവസത്തെ അഡ്വാന്‍സ് ബുക്കിം​ഗ് മാത്രം 15 കോടി..!!

google news
yash kgf2

ഭാഷാഭേദമന്യെ ഇന്ത്യ മുഴുവനുമുള്ള സിനിമാപ്രേമികള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമായതുകൊണ്ടുതന്നെ കെജിഎഫിന്‍റെ സീക്വലിനുവേണ്ടി വലിയ കാത്തിരിപ്പ് ആണ് ഉണ്ടായിരുന്നത്. വന്‍ പ്രീ- റിലീസ് ഹൈപ്പ് ലഭിക്കുന്ന സിനിമകളില്‍ ഭൂരിഭാ​ഗവും ആ പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോവുന്നതാണ് പതിവെങ്കില്‍ കെജിഎഫ് ചാപ്റ്റര്‍ 2 (KGF Chapter 2) ആ പതിവ് തിരുത്തിയിരിക്കുകയാണെന്നു മാത്രമല്ല ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ സമീപകാലത്തെ ഏറ്റവും വിജയത്തിലേക്ക് കുതിക്കുകയുമാണ്.

14ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ആദ്യ രണ്ട് ദിനങ്ങളിലെ കളക്ഷന്‍ കണക്ക് മാത്രമാണ് ഔദ്യോ​ഗികമായി പുറത്തെത്തിയിരിക്കുന്നത്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി പതിപ്പുകള്‍ എല്ലാം ചേര്‍ന്ന് ആദ്യ രണ്ട് ദിനങ്ങളില്‍ നേടിയ ആ​ഗോള ​ഗ്രോസ് 240 കോടിയാണ്. അതേസമയം ആദ്യ നാല് ദിനങ്ങളില്‍ ചിത്രം 400 കോടി പിന്നിട്ടെന്നാണ് അനൗദ്യോ​ഗിക വിവരം. ഒപ്പം ആദ്യ തിങ്കളാഴ്ചയായ ഇന്നും ചിത്രത്തിന് വന്‍ അഡ്വാന്‍സ് ബുക്കിം​ഗ് ആണ് ലഭിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.സിനിമകള്‍ക്ക് തിയറ്ററുകളില്‍ ഒരു വാരം ഏറ്റവും കുറവ് പ്രേക്ഷകര്‍ എത്തുന്ന ദിവസമാണ് തിങ്കളാഴ്ച. ഏറ്റവുമധികം കളക്ഷന്‍ ലഭിക്കുന്ന വാരാന്ത്യ ദിനങ്ങള്‍ക്കു ശേഷം എത്തുന്ന ആദ്യദിനം ആയതിനാലാണ് കളക്ഷനിലെ ഈ ഇടിവ്. എന്നാല്‍ തിങ്കളാഴ്ചയും ഒരു ചിത്രത്തിന് മെച്ചപ്പെട്ട കളക്ഷന്‍ ലഭിച്ചാല്‍ ആ ചിത്രം ബോക്സ് ഓഫീസില്‍ ഏറെ മുന്നോട്ടു പോകുമെന്നാണ് അര്‍ഥം.

ഇപ്പോഴിതാ കെജിഎഫ് 2 ന് ഇന്ന് ലഭിച്ചിരിക്കുന്ന അഡ്വാന്‍സ് ബുക്കിം​ഗ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. 14.50 കോടിയാണ് ചിത്രത്തിന് ആദ്യ തിങ്കളാഴ്ച ലഭിച്ചിരിക്കുന്ന അഡ്വാന്‍സ് ബുക്കിം​ഗ് എന്ന് ഇന്ത്യന്‍ ബോക്സ് ഓഫീസ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ആണ് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. ഇന്ത്യയിലെ മാത്രം കണക്കാണ് ഇത്.അതേസമയം കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ ചിത്രം വന്‍ പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. റിലീസിനു ശേഷമുള്ള ഓരോ ദിവസവും കേരളത്തില്‍ നിന്ന് ഏറ്റവും ചുരുങ്ങിയത് ചിത്രം 7 കോടി വച്ച് നേടിയെന്നാണ് റിപ്പോര്‍ട്ട്. ആര്‍ആര്‍ആറിന്‍റെ കേരളത്തിലെ ലൈഫ് ടൈം ​ഗ്രോസിനെ വെറും നാല് ദിവസങ്ങള്‍ കൊണ്ട് കെജിഎഫ് 2 മറികടന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ  ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags