നിങ്ങളുടെ വീട്ടിലെ ഏതെങ്കിലും സ്ത്രീ ആയിരുന്നു എങ്കില്‍ ഇങ്ങനെ ചെയ്യുമോ? ; പൊലീസിനെതിരെ നടി ശ്രീയ രമേശ്

sreeya

കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വനിത പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചു കീറിയ സംഭവത്തില്‍ രൂക്ഷമായി വിമര്‍ശിച്ച് നടി ശ്രീയ രമേശ്. ഒരു സമരമുഖത്ത് നില്‍ക്കുന്ന യുവതിയുടെ ഉടുപ്പ് വലിച്ചു കീറിയ കാഴ്ച ഞെട്ടലോടെയാണ് കണ്ടതെന്ന് ശ്രീയ പറയുന്നു.

കള്ളന്മാരോ ക്രിമിനലുകളോ അല്ല അത് ചെയ്തതെന്നും ആ സ്ത്രീ അനുഭവിച്ച മാനസിക അവസ്ഥ എത്രമാത്രം ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നുവെന്നും നടി പറഞ്ഞു. കൗരവ സഭയല്ല ഇത് കേരളത്തിലെ ഒരു തെരുവാണ്, ഒരു സമര മുഖമാണ്. നിങ്ങളുടെ വീട്ടിലെ ഏതെങ്കിലും സ്ത്രീ ആയിരുന്നു എങ്കില്‍ ഇങ്ങനെ ചെയ്യുമോ?യെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇതില്‍ രാഷ്ട്രീയമില്ല, ഇതൊരു രാഷ്ട്രീയ പോസ്റ്റുമല്ല
തെരുവില്‍ നൂറുകണക്കിന് ആളുകളുടെ മധ്യത്തില്‍ ഓരോ ദൃശ്യവും അനേകം ക്യാമറകളാല്‍ ഒപ്പിയെടുക്കപ്പെടുകയും ലൈവായി ലോകത്തിന് കാണിക്കുകയും ചെയ്യുന്ന ഒരു സമരമുഖത്ത് നില്‍ക്കുന്ന യുവതിയുടെ ഉടുപ്പ് വലിച്ചു കീറിയ കാഴ്ച ഞെട്ടലോടെയാണ് കണ്ടത്.

കള്ളന്മാരോ ക്രിമിനലുകളോ അല്ല അത് ചെയ്തത് എന്ന് ഓര്‍ക്കണം. എന്തൊരു കടുത്ത മാനസിക അവസ്ഥയായിരിക്കും ആ സ്ത്രീ അനുഭവിച്ചിട്ടുണ്ടാവുക?
കൗരവ സഭയല്ല ഇത് കേരളത്തിലെ ഒരു തെരുവാണ്, ഒരു സമര മുഖമാണ്. നിങ്ങളുടെ വീട്ടിലെ ഏതെങ്കിലും സ്ത്രീ ആയിരുന്നു എങ്കില്‍ ഇങ്ങനെ ചെയ്യുമോ?
സമരമുഖത്തെ സ്ത്രീകളോട് രാഷ്ട്രീയം നോക്കാതെ അന്തസ്സോടെ പെരുമാറുവാന്‍ ശക്തമായി ആവശ്യപ്പെടുന്നു.
തെരുവില്‍ പോര്‍വിളി നടത്തി കലാപ അന്തരീക്ഷം സൃഷ്ടിക്കുന്ന യുവാക്കളോട് . ആര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ പരസ്പരം തല തല്ലിപ്പൊളിക്കുന്നത്? നേതാക്കള്‍ക്ക് വേണ്ടിയോ. എങ്കില്‍ ആദ്യം
പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും എംഎല്‍എമാരും പാര്‍ട്ടി നേതാക്കളും തെരുവില്‍ കിടന്ന് തല്ലു കൂടട്ടെ. രക്ഷാപ്രവര്‍ത്തനവും തിരിച്ച് തീവ്ര രക്ഷാപ്രവര്‍ത്തനവും ആഹ്വാനം ചെയ്യുന്ന നേതാക്കള്‍ക്ക് സ്വയം ചെയ്തു കൂടെ?
എന്താ അത് ചെയ്യോ അവര്‍?
ഇല്ലല്ലേ ??
അപ്പോള്‍
അവര്‍ക്ക് പരസ്പരം ഇല്ലാത്ത ശത്രുത എന്തിനാണ്
അവരുടെ അണികള്‍ക്ക് ? നിങ്ങളുടെ ഭാവിയാണ് , സ്വന്തം കുടുംബത്തിന്റെയും ഈ നാടിന്റെയും സമാധാനമാണ് നിങ്ങള്‍ തമ്മിലടിച്ച് തകര്‍ക്കുന്നത്.
ഭരണകൂടത്തിനെതിരെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകും ഉണ്ടാകണം എങ്കിലേ അതിനെ ജനാധിപത്യം എന്ന് പറയുവാന്‍ സാധിക്കൂ.

Tags