'എമര്‍ജന്‍സി'യ്ക്കായി പോരാടും, കോടതിയിലേക്കെന്ന് കങ്കണ

emergency
emergency

തന്റെ വരാനിരിക്കുന്ന 'എമര്‍ജന്‍സി' എന്ന സിനിമ ഇപ്പോഴും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്സി) സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണെന്ന് കങ്കണ റണാവത്ത്. സിനിമയ്ക്ക് വേണ്ടി പോരാടുമെന്നും അതിനായി കോടതിയില്‍ പോകാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് എമര്‍ജന്‍സി.

'ഞങ്ങളുടെ എമര്‍ജന്‍സി എന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി അഭ്യൂഹങ്ങളുണ്ട്. അത് ശരിയല്ല. സിനിമ ഇപ്പോഴും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്സി) സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണ്', കങ്കണ എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഗാന്ധി വധം, പഞ്ചാബ് കലാപം എന്നിവ ചിത്രത്തില്‍ കാണിക്കരുതെന്ന സമ്മര്‍ദ്ദമുണ്ടെന്നും അവര്‍ പറഞ്ഞു. ഇത് തനിക്ക് അവിശ്വസനീയമായ സമയമാണെന്നും ഈ രാജ്യത്തെ സ്ഥിതിയില്‍ വളരെയധികം ഖേദിക്കുന്നുവെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ ആറിനാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. സിനിമയില്‍ ചരിത്രസംഭവങ്ങള്‍ തെറ്റായി ചിത്രീകരിക്കുന്നുവെന്നും അതുവഴി സിഖ് സമുദായത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്ജിപിസി) ഹര്‍ജി നല്‍കിയിരുന്നു. എമര്‍ജന്‍സിയുടെ ട്രെയിലറായിരു ഇതിന് കാരണം.

കങ്കണ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രവും കൂടിയാണ് 'എമര്‍ജന്‍സി'. കങ്കണയെ കൂടാതെ അനുപം ഖേര്‍, മഹിമ ചൗധരി, മിലിന്ദ് സോമന്‍, ശ്രേയസ് തല്‍പാഡെ, വിശാഖ് നായര്‍, അന്തരിച്ച സതീഷ് കൗശിക് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

Tags