താര സംഘടനയായ അമ്മയെ ഇനി ആരു നയിക്കും ; ചര്‍ച്ചകള്‍ സജീവം
ഭരണ സമിതി പിരിച്ചുവിട്ടതോടെ ആരോപണങ്ങളില്‍ മറുപടി പറയേണ്ട ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞു താര സംഘടന അമ്മ. നേതൃ സ്ഥാനത്ത് ഉണ്ടായിയുന്നവര്‍ക്കു നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടക്കം അവരവര്‍ ഒറ്റയ്ക്ക് നേരിടേണ്ടി വരും. അമ്മയെ ഇനി ആര് നയിക്കും എന്നതിലും പുതിയ ഭരണ സമിതിയില്‍ ആരൊക്കെ എന്നതിലുമെല്ലാം നടീ നടന്‍മാര്‍ക്കിടയില്‍ ചര്‍ച്ച തുടങ്ങി.
തെരഞ്ഞെടുപ്പ് നടന്നു പുതിയ ഭരണ സമിതി അധികാരത്തില്‍ വരാന്‍ ചുരുങ്ങിയത് രണ്ടുമാസമെങ്കിലും എടുക്കും. അതുവരെ അഡ്‌ഹോക്ക് കമ്മറ്റി തുടരും. അവശ കലാകാരന്‍മാര്‍ക്കും നല്‍കുന്ന പ്രതിമാസ കൈനീട്ടമടക്കം മുറപോലെ തുടരുമെന്നാണ് അമ്മയിലെ അംഗങ്ങള്‍ അറിയിക്കുന്നത്. താരങ്ങള്‍ ഒരുമിച്ച് അടുത്ത മാസം കൊച്ചിയില്‍ നടത്താനിരുന്ന ഓണാഘോഷ പരിപാടിയില്‍ മാറ്റം വന്നേക്കും.
ഇന്നലെ ഉച്ചയോടെയാണ് അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടുകൊണ്ട് അധ്യക്ഷന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജിവെച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രമുഖ താരങ്ങള്‍ക്കെതിരെയടക്കം ഉണ്ടായ വെളിപ്പെടുത്തലുകളുടെ കൂടി പശ്ചാത്തലത്തിലായിരുന്നു കൂട്ടരാജി.