'കേരളത്തിൽ ജനിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു, ഡബ്ലുസിസി അംഗങ്ങൾ ശരിക്കും എന്റെ ഹീറോകളാണ്’: ചിന്മയി ശ്രീപദ
മലയാള സിനിമയിലെ നടിമാർ പുറത്തുപറഞ്ഞ ലൈംഗികാതിക്രമ പരാതികളിൽ പ്രതികരിച്ച് തെന്നിന്ത്യൻ ഗായിക ചിന്മയി ശ്രീപദ. ഡബ്ലുസിസി അംഗങ്ങൾ ശരിക്കും എന്റെ ഹീറോകളാണ്. ഈ പോരാട്ടത്തിൽ മലയാളിസമൂഹം നൽകിയ പിന്തുണ കാണുമ്പോൾ കേരളത്തിൽ ജനിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നുവെന്നും ചിന്മയി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചിന്മയിയുടെ പ്രതികരണം.
‘ഹേമ കമ്മിറ്റിയുടെ പിന്നിലുള്ള ടീമിനെയും ഡബ്ല്യുസിസി അംഗങ്ങളുടെ കഠിനാധ്വാനത്തെയും അഭിനന്ദിക്കുന്നു. ഇക്കാര്യത്തിനായി സ്ത്രീകൾ എല്ലാവരും ഒരുമിച്ചു നിന്നു ഇതൊന്നും വേറൊരു ഇൻഡസ്ട്രിയിലും കാണാൻ കഴിയില്ല. ഈ പരസ്യമായ രഹസ്യങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാം. സ്ത്രീകൾക്ക് തുരങ്കത്തിൻ്റെ അറ്റത്ത് ഒരു വെളിച്ചമെങ്കിലും കാണാൻ കഴിഞ്ഞത് ഡബ്ലുസിസി അംഗങ്ങളുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ്’ ചിന്മയി പറഞ്ഞു.