കോമഡി-ഡ്രാമ ചിത്രം 'വിശേഷ'ത്തിലെ ആദ്യ ഗാനം പുറത്ത്

vishesham

ചിന്നു ചാന്ദ്നി, ആനന്ദ് മധുസൂദനൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന കോമഡി-ഡ്രാമ ചിത്രം 'വിശേഷ'ത്തിലെ ആദ്യ ഗാനം 'പ്രണയം പൊട്ടിവിടർന്നല്ലോ' പുറത്തിറങ്ങി. ഭരത് സജികുമാറും പുണ്യ പ്രദീപും ആലപിച്ച ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും ആനന്ദ് മധുസൂധനൻ തന്നെയാണ് നിർവഹിച്ചത്.

 സൂരജ് ടോമിൻ്റെ സംവിധാനത്തിൽ സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. 'പൊടിമീശ മുളയ്ക്കണ കാലം' ഉൾപ്പെടെ നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് 'വിശേഷം'. ചിത്രത്തിന്റെ കഥയും തിരക്കഥയും ഗാനരചനയും സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നതും ആനന്ദാണ്.

സജിതയുടെയും ഷിജുവിന്റെയും മനോഹരമായ പ്രണയമാണ് "പ്രണയം പൊട്ടിവിടർന്നല്ലോ" എന്ന ഗാനത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. സജിതയെ ചിന്നു ചാന്ദ്നി അവതരിപ്പിക്കുമ്പോൾ ഷിജുവായി ആനന്ദ് മധുസൂദനൻ എത്തുന്നു. ഗാനത്തിന്റെ അഡീഷനൽ പ്രൊഡക്ഷനും ഗിറ്റാർ ചിട്ടപ്പെടുത്തലും മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത് ഷിയാദ് കബീറാണ്. അക്കോസ്റ്റിക് ഗിറ്റാർ ലിബോയ് പ്രേസ്‌ലിയും നാദസ്വരം അഖിൽ മാവേലിക്കരയും തകിൽ അനു വേണുഗോപാലും വായിച്ചിരിക്കുന്നു. 
 

Tags