അമ്മയെ ആശ്രയിച്ച് ജീവിക്കുന്ന പാവങ്ങളെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു; രാജിവെച്ചാലും ഇക്കാര്യങ്ങളില്‍ വിട്ടുവീഴ്ച്ചയുണ്ടാവില്ലെന്ന് സംഘടന ഉറപ്പ് നൽകി; വിനു മോഹന്‍

vinu mohan
vinu mohan

കൊച്ചി: എല്ലാ സംഘടനാ മര്യാദകളും പാലിച്ചാണ് എഎംഎംഎ എകിസ്‌ക്യൂട്ടീവില്‍ നിന്നും രാജിവെച്ചതെന്ന് നടന്‍ വിനു മോഹന്‍. സംഘടനയെ ആശ്രയിച്ച് ജീവിക്കുന്ന പാവങ്ങളെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു എന്നാൽ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ രാജിവെച്ചാലും ഇക്കാര്യങ്ങളില്‍ വിട്ടുവീഴ്ച്ചയുണ്ടാവില്ലെന്ന ഉറപ്പ് സംഘടന നല്‍കിയെന്നും വിനു മോഹന്‍ പറഞ്ഞു. 

'ഒന്നോ രണ്ടോ പേരില്‍ ഒതുങ്ങുന്നതല്ല എഎംഎംഎ എന്ന സംഘടന. 506 പേരുടെ സംഘടനയാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നിരവധി അംഗങ്ങളുണ്ട്. കൈനീട്ടവും മെഡിക്കല്‍ ഇന്‍ഷുറന്‍സുമെല്ലാം ആശ്രയിച്ച് ജീവിക്കുന്ന നിരവധി പേർ. അവരുടെ കാര്യത്തിലായിരുന്നു എന്റെ ആശങ്ക. അവരാണ് നമ്മളെ ജയിപ്പിച്ചുവിട്ടത്. അവരടക്കം 506 അംഗങ്ങളോടും വിശദീകരണം നല്‍കേണ്ട ധാര്‍മ്മികതയുണ്ട്. എന്നാൽ  ഒരു കാര്യത്തിലും ആർക്കും കുറവ് വരില്ലെന്ന ഉറപ്പ് സംഘടനാ നൽകി'യെന്നും വിനു മോഹൻ പറഞ്ഞു. 

അതേസമയം ദുരൂഹത നീങ്ങി സത്യസന്ധമായ കാര്യങ്ങള്‍ പുറത്തുവരണമെന്നും നിലവിലത്തെ മാറ്റം ഒരു തുടക്കമാകട്ടെ എന്നും  വിനു മോഹന്‍ കൂട്ടിച്ചേർത്തു.