ഗോട്ട് ക്ലെെമാക്സ് ചിത്രീകരണത്തിനായി വിജയ് കേരളത്തിലേക്ക്..

vijay 1

വിജയ് നായകനാകുന്ന പുതിയ ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ്‍ ഓൾ ടൈമി(ഗോട്ട്) ന്റെ ഷൂട്ടിങ്ങിനായി താരം കേരളത്തിലെത്തുന്നു. വെങ്കട് പ്രഭു ഒരുക്കുന്ന ചിത്രത്തിൻറെ ക്ലെെമാക്സ് രം​ഗങ്ങൾ ചിത്രീകരിക്കാനാണ് താരം കേരളത്തിലേക്കെത്തുന്നത്. ഗ്രീൻഫീൽഡ് സ്റ്റേഡിയം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ ചിത്രീകരണമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 

ശ്രീലങ്കയിൽ ചിത്രീകരിക്കാനിരുന്ന രം​ഗങ്ങളാണ് തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്. ക്ലെെമാക്സ് രം​ഗത്തിൽ മൂവായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ അണിനിരക്കുമെന്നാണ് സൂചന. മാർച്ച് 18-നാണ് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്നത്. വിജയ് 18-ന് തന്നെ എത്തും. തിരുവനന്തപുരത്ത് ആദ്യമായി ചിത്രീകരിക്കുന്ന വിജയ് ചിത്രമെന്ന പ്രത്യേകതയും ​ഗോട്ടിനുണ്ട്.

വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിൽ പ്രഭുദേവ, പ്രശാന്ത്, അജ്മൽ അമീർ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടെെം ട്രാവൽ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ട്. വെങ്കട്ട് പ്രഭു തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയും ഒരുക്കുന്നത്. 

ജയറാം, മോഹൻ, യോ​ഗി ബാബു, വി.ടി.വി ​ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവർക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

യുവൻ ശങ്കർ രാജയാണ് സം​ഗീത സംവിധാനം. സിദ്ധാർത്ഥ് നൂനി ഛായാ​ഗ്രഹണവും വെങ്കട് രാജൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. രാജീവൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ. ദിലീപ് സുബ്ബരായനാണ് സംഘട്ടന സംവിധാനം. എ.ജി.എസ് എന്റർടെയിൻമെന്റാണ് ചിത്രം നിർമിക്കുന്നത്.