തിരക്കഥയും സംവിധാനവും പോര; ബീസ്റ്റിനെക്കുറിച്ച് വിജയിയുടെ പിതാവ്

google news
vijay,beast

കോളിവുഡ് ചിത്രം ബീസ്റ്റിന് ലഭിക്കുന്ന മോശം അഭിപ്രായങ്ങളിൽ പ്രതികരണവുമായി വിജയിയുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍. ചിത്രത്തിന്‍റെ തിരക്കഥയും അവതരണവും നന്നായില്ലെന്നും ഒരു സൂപ്പര്‍താരം കേന്ദ്ര കഥാപാത്രമായി വരുന്ന സമയത്ത് പുതുതലമുറ സംവിധായകര്‍ നേരിടുന്ന പ്രതിസന്ധിയാണ് ഇതെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

പുതിയ തലമുറയിലെ കഴിവു തെളിയിച്ച സംവിധായകര്‍ സൂപ്പര്‍താരങ്ങളെ വച്ച് സിനിമ ചെയ്യുമ്പോള്‍ താരമൂല്യം സിനിമയെ രക്ഷിക്കുമെന്ന് തെറ്റിദ്ധാരണയുണ്ട്. ബീസ്റ്റിന്റെ കാര്യത്തില്‍ തിരക്കഥയും അവതരണവും വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ലെന്നും എസ് എ ചന്ദ്രശേഖര്‍ പറയുന്നു. ബീസ്റ്റിലെ അറബിക്കുത്ത് സോങ് ആസ്വദിച്ചു. എന്നാല്‍ സിനിമ അത്ര ആസ്വാദ്യകരമായി തോന്നിയില്ല. വിജയുടെ താരപദവിയെ ആശ്രയിച്ചാണ് സിനിമ നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംവിധായകര്‍ അവരുടെ ശൈലിയില്‍ സിനിമയെടുക്കുകയും അതില്‍ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം. പുതുതലമുറയിലെ സംവിധായകരുടെ ആദ്യ 2 സിനിമകള്‍ വലിയ വിജയമാകുന്നതോടെ സൂപ്പർതാരങ്ങൾ അവരുടെ പിന്നാലെ പോകും. കഥയില്ലെങ്കിൽ പോലും ഫാൻസ് ചിത്രത്തെ രക്ഷിക്കും എന്ന വിശ്വാസത്തിൽ ഈ സംവിധായകരും അവർക്കൊപ്പം സിനിമ എടുക്കാൻ ഒരുങ്ങും. അതൊരു തെറ്റായ ധാരണയാണ് ചന്ദ്രേശഖര്‍ പറഞ്ഞു.

Tags