ആ പുരസ്ക്കാരം ഞാൻ ലേലം ചെയ്തു വിറ്റു; പണം പാവങ്ങൾക്ക് നൽകി; വിജയ് ദേവരകൊണ്ട

google news
vijay devarakonda.jpg

മലയാളക്കരയിലും ഏറെ ആരാധകരുള്ള തെലുഗ് നടനാണ് വിജയ് ദേവരകൊണ്ട. നിരവധി പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയ താരം തനിക്ക് കിട്ടിയ പുരസ്‌ക്കാരങ്ങളിൽ ഒന്ന് ലേലം ചെയ്തു വിറ്റു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ഉടൻ തിയേറ്ററുകളിലെത്തുന്ന ഫാമിലി സ്റ്റാർ എന്ന ചിത്രത്തിൻറെ പ്രചാരണാർത്ഥം നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 

"എനിക്ക് മികച്ച നടനെന്ന നിലയിൽ കിട്ടിയ ആദ്യ ഫിലിം ഫെയർ പുരസ്കാരശില്പം ലേലം ചെയ്യുകയായിരുന്നു. നല്ലൊരു സംഖ്യയും ലഭിച്ചു. ആ തുക മുഴുവൻ പാവപ്പെട്ടവർക്ക് ദാനംചെയ്യുകയായിരുന്നു. ഇതിനേക്കുറിച്ചുള്ള ഓർമയാണ് വീട്ടിൽ ഒരു കല്ലിരിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത്.” എന്നായിരുന്നു താരം പറഞ്ഞത്.

അതേസമയം പുരസ്കാരങ്ങളിലൊന്നും തനിക്ക് താൽപര്യമില്ലെന്നും ചില പുരസ്കാരങ്ങൾ ഓഫീസിലുണ്ടാവും. മറ്റുചിലത് അമ്മ എവിടെയോ എടുത്തുവെച്ചിട്ടുണ്ട്. വേറെ കുറച്ചെണ്ണം ആർക്കോ കൊടുത്തു. കിട്ടിയ പുരസ്കാരങ്ങളിൽ ഒരെണ്ണം മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ച അർജുൻ റെഡ്ഡി എന്ന ചിത്രത്തിന്റെ സംവിധായകനായ സന്ദീപ് റെഡ്ഡി വാങ്കയ്ക്ക് കൊടുത്തിട്ടുണ്ടെന്നും വിജയ് തുറന്നുപറഞ്ഞു.

2022-ൽ പുറത്തിറങ്ങിയ സർക്കാരുവാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനംചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. ഇത് രണ്ടാംതവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. കേരളത്തിലും മികച്ച പ്രതികരണംനേടിയ ​ഗീതാ ​ഗോവിന്ദമായിരുന്നു രണ്ടുപേരും ഒരുമിച്ച ആദ്യചിത്രം. മൃണാൾ താക്കൂറാണ് ഫാമിലി സ്റ്റാറിലെ നായിക. കെ.യു. മോഹനനാണ് ഛായാ​ഗ്രഹണം. ഏപ്രിൽ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.