വർഷങ്ങൾക്ക് ശേഷം ധ്യാനിന്റെ കരിയർ ബെസ്റ്റ് ആകും ; ആരാധകർ

varshangalkku shesham

ധ്യാൻ ശ്രീനിവാസൻ , പ്രണവ് മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.  സിനിമയ്ക്ക് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കും വിധമുള്ള ട്രെയ്‌ലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു . ട്രെയ്‌ലർ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയ ഏറ്റവും അധികം ചർച്ച ചെയ്യുന്നത് ധ്യാൻ ശ്രീനിവാസനെക്കുറിച്ചാണ്.

ട്രെയ്‌ലറിൽ ഉടനീളം ധ്യാന്റെ ഗംഭീര പ്രകടനങ്ങൾ കാണാമെന്നും വർഷങ്ങൾക്ക് ശേഷം എന്ന സിനിമ ധ്യാൻ ശ്രീനിവാസന്റെ കരിയർ ബെസ്റ്റാകുമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. 'ധ്യാൻ ഞെട്ടിച്ചു', ചേട്ടൻ അനിയനെക്കൊണ്ട് നന്നായി പണിയെടുപ്പിച്ചിട്ടുണ്ട്', 'ട്രെയ്‌ലർ കണ്ടിട്ട് ധ്യാനാണ് നായകൻ എന്ന് തോന്നുന്നു' എന്നിങ്ങനെ പോകുന്നു പല പ്രേക്ഷകരുടെയും കമന്റുകൾ.

വർഷങ്ങൾക്ക് ശേഷം എന്ന സിനിമയ്ക്കായി ധ്യാൻ ശരീരഭാരം കുറച്ചതെല്ലാം നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. ട്രെയ്‌ലർ റിലീസിന് പിന്നാലെ, ശരീര ഭാരം കുറച്ചതും വീണ്ടും ചർച്ചയായിട്ടുണ്ട്. ഏറെ കഷ്ടപ്പെട്ട് ശരീരഭാരം കുറച്ചത് വെറുതെയാകില്ല എന്നും പലരും പറയുന്നുണ്ട്.

സിനിമയിലെ മറ്റൊരു നായകനായ പ്രണവ് മോഹൻലാലിനെയും പ്രേക്ഷകർ പ്രശംസിക്കുന്നുണ്ട്. ട്രെയ്ലറിൽ അധികം സമയമില്ലെങ്കിൽ ഉള്ള സമയം പ്രണവ് തകർത്തുവെന്ന് പ്രേക്ഷകർ പറയുന്നു. നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളിലേത് പോലെ 'ആ പഴയ മോഹൻലാൽ വൈബ്' കാണാൻ കഴിയുന്നുണ്ട് എന്ന് ചിലർ അഭിപ്രായപ്പെടുന്നു.

ഏപ്രിൽ 11 നാണ് വർഷങ്ങൾക്ക് ശേഷം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ ഗീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങി ഒട്ടനവധി താരനിയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Tags