‘വല്ല്യേട്ടൻ’ വീണ്ടും തിയറ്ററുകളിലേക്ക്

valyettan
valyettan


 മമ്മൂട്ടിയുടെ ക്ലാസിക് മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടന്റെ ട്രെയിലർ പുറത്തിറങ്ങി. 2000 സെപ്റ്റംബർ പത്തിന് പുറത്തിറങ്ങിയ ഈ ചിത്രം നവംബർ 29 ന് 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് നിർമിച്ചത്.

അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് 24 വർഷങ്ങൾക്ക് ശേഷം 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെ വീണ്ടും തിയറ്ററുകളിലേക്ക് ചിത്രം എത്തിക്കുന്നത്. മാറ്റിനി നൗവാണ് 4K ദൃശ്യമികവോടെയും ഡോൾബി ശബ്ദ സാങ്കേതികവിദ്യയുടെ സഹായത്തോടെയും ചിത്രം പുറത്തിറക്കുന്നത്. 

ചിത്രത്തിന്റെ 4K റീമാസ്റ്റർ ചെയ്ത ട്രെയിലർ വൻ വരവേൽപ്പോടെയാണ് താരങ്ങളും ആരാധകരും സ്വീകരിച്ചത്. ആവേശഭരിതമായ ആക്ഷൻ രംഗങ്ങളിൽ അറക്കൽ മാധവനുണ്ണിയെയും അനുജന്മാരെയും കൂടാതെ വില്ലന്മാരെയും അണിനിരത്തുന്ന ഈ ട്രെയിലർ പ്രേക്ഷക ശ്രദ്ധ ആകർഷിക്കുകയാണ്. ‘വല്ല്യേട്ടന്റെ’ രണ്ടാംവരവ് അറിയിച്ചുകൊണ്ട് പുറത്തിറക്കിയ ടീസർ മണിക്കൂറുകൾക്കുള്ളിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. കൂടാതെ ഏറ്റവും കൂടുതൽ പേർ കണ്ട റീ-റിലീസ് ടീസറുമായിരുന്നു.

മലയാള സിനിമയിലെ ക്ലാസിക് ആക്ഷൻ ചിത്രം എന്ന് നിസ്സംശയം വിശേഷിപ്പിക്കാൻ കഴിയുന്ന ഈ ചിത്രം ആധുനിക സാങ്കേതികവിദ്യകളോടെയാണ് 4K ഡോൾബി അറ്റ്മോസിൽ പ്രദർശനത്തിനൊരുങ്ങുന്നത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ അറക്കൽ മാധവനുണ്ണിയായി എത്തുമ്പോൾ ആവേശ ഭരിതമായ രംഗങ്ങളും സംഭാഷണങ്ങളും ഒരിക്കൽ കൂടി തിയേറ്ററുകളിൽ കാണാനുള്ള അവസരമാണ് മാറ്റിനി നൗവും അമ്പലക്കര ഫിലിംസും കൂടി ഒരുക്കുന്നത്. രണ്ടായിരത്തിൽ ഇറങ്ങിയ ചിത്രങ്ങളിൽ ബോക്സ് ഓഫീസ് ഹിറ്റുകളിലെ പ്രധാന ചിത്രമായിരുന്നു ‘വല്ല്യേട്ടൻ’.

മമ്മൂട്ടിയോടൊപ്പം ശോഭന, സായ് കുമാർ, സിദ്ദിഖ്, മനോജ്.കെ.ജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എൻ.എഫ്.വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമായിരുന്നു. സായ് കുമാർ, എൻ. എഫ് വർഗ്ഗീസ് എന്നിവരുടെ വില്ലൻ കഥാപാത്രങ്ങളും മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ രംഗങ്ങളുമാണ് ഇന്നും ഈ ചിത്രത്തെ ആരാധകർ ഓർത്തിരിക്കുവാനുള്ള ചില പ്രധാനപ്പെട്ട കാരണങ്ങൾ.

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയിട്ടുള്ളത് മോഹൻ സിത്താരയാണ്. പശ്ചാത്തല സംഗീതം നിർവഹിച്ചത് സി. രാജാമണിയും. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പ്രശസ്ത ഛായാഗ്രഹകൻ രവിവർമ്മനും ചിത്രസംയോജനം നിർവഹിച്ചത് എൽ. ഭൂമിനാഥനുമാണ്. ബോബനാണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ.

Tags