കിഷോറും ശ്രുതി മേനോനും പ്രധാന വേഷത്തിലെത്തിയ 'വടക്കൻ' BIFFF-ൽ തിരഞ്ഞെടുക്കപ്പെട്ടു

vadakkan

സജീദ് എ യുടെ സംവിധാനത്തിൽ  കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന 'വടക്കൻ' ബ്രസ്സൽസ് രാജ്യാന്തര ഫൻ്റാസ്റ്റിക് ചലച്ചിത്രമേളയുടെ (BIFFF) ഫിലിം മാർക്കറ്റ് 2024 ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. റസൂൽ പൂക്കുട്ടി, കീക്കോ നകഹര, ബിജിബാൽ, ഉണ്ണി ആർ എന്നിവർ അണിയറയിൽ പ്രവർത്തിക്കുന്ന 'വടക്കൻ' 'ഇൻ്റർനാഷണൽ പ്രൊജക്‌ട്‌സ് ഷോകേസ്' വിഭാഗത്തിൽ ഇടംനേടുന്ന ആദ്യ മലയാളചിത്രമാണ്.

ചലച്ചിത്ര നിർമ്മാതാക്കളുടെ രാജ്യാന്തര സംഘടനയായ ഫിയാഫ് അംഗീകാരമുള്ള BIFFF കാൻ, ലൊകാർണോ ചലച്ചിത്രമേളകൾ ഉൾപ്പെടുന്ന കോംപെറ്റീഷൻ സ്പെഷ്യലൈസ്ഡ് എ ഗ്രേഡ് ചലച്ചിത്രമേളയാണ്. പീറ്റർ ജാക്‌സൺ, ടെറി ഗില്ല്യം, വില്യം ഫ്രീഡ്‌കിൻ, പാർക് ചാൻ-വൂക്ക്, ഗില്ലെർമോ ഡെൽ ടോറോ തുടങ്ങി ഒട്ടനവധി പ്രമുഖരുടെ ചിത്രങ്ങൾ BIFFFൽ പ്രദർശിപ്പിച്ചിട്ടുണ്ട്. നിരവധി രാജ്യാന്തര ചിത്രങ്ങളിൽ ഒന്നായി BIFFF വിപണിയിൽ നേടിയത് ചിത്രത്തിൻ്റെ നിർമ്മാതാക്കൾക്ക് സുപ്രധാന നേട്ടമാണ്.

ഓഫ്‌ബീറ്റ് മീഡിയ ഗ്രൂപ്പിൻ്റെ സഹസ്ഥാപനമായ ഓഫ്‌ബീറ്റ് സ്റ്റുഡിയോയുടെ ബാനറിലാണ് 'വടക്കൻ' നിർമ്മിച്ചിരിക്കുന്നത്. പുരാതന വടക്കേ മലബാറിലെ നാടോടിക്കഥകളുടെ കഥാതന്തുവിൽ ഒരുങ്ങുന്ന ഒരു സൂപ്പർനാച്ചുറൽ ത്രില്ലറാണ് 'വടക്കൻ'.

'ഭ്രമയുഗം', 'ഭൂതകാലം' എന്നിവയുടെ സംവിധായകൻ രാഹുൽ സദാശിവൻ 'വടക്കൻ്റെ' നേട്ടത്തിൽ തൻ്റെ ആഹ്ലാദം പങ്കുവെച്ചു. 'വടക്കൻ നേടിയ ഈ രാജ്യാന്തര അംഗീകാരം ഏറെ സന്തോഷകരമാണ്. സൂപ്പർനാച്ചുറൽ - പാരാനോർമൽ ജോണറിൽ ഒരുങ്ങുന്ന ഒരു മലയാളചിത്രത്തിന് ലഭിക്കുന്ന ഈ അംഗീകാരം ആഗോളതലത്തിൽ മലയാള സിനിമയുടെ വൈവിധ്യവും സർഗ്ഗാത്മകതയും വീണ്ടും ഉറപ്പിക്കുന്നു' രാഹുൽ പറഞ്ഞു.
 

Tags