വാലിബന്‍ ഒരു കംപ്ലീറ്റ് എല്‍ജെപി സിനിമ: മഞ്ജു വാര്യര്‍

manju

മോഹന്‍ലാല്‍ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനെ പ്രശംസിച്ച് മഞ്ജു വാര്യര്‍. നര്‍മ്മവും ഫാന്റസിയും സിനിമയില്‍ സൃഷ്ടിച്ചെടുക്കാന്‍ പ്രയാസമുള്ള രണ്ട് കാര്യങ്ങളാണ്. ട്രെയിലര്‍ കണ്ട ശേഷം ഒരു ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസ്സുമായാണ് മലൈക്കോട്ടൈ വാലിബന്‍ കണ്ടത്. ചിത്രം പണ്ടെങ്ങോ വായിച്ചുമറന്ന ഒരു ചിത്രകഥയെ ഓര്‍മ്മിപ്പിച്ചുവെന്ന് മഞ്ജു പറഞ്ഞു. അഭിനയം കൊണ്ടും ആകാരം കൊണ്ടും മോഹന്‍ലാല്‍ വാലിബാനായി മാറിയെന്നും ഇത് ഒരു പൂര്‍ണ്ണ എല്‍ജെപി ചിത്രമാണെന്നും മഞ്ജു സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.


'സിനിമയില്‍ സൃഷ്ടിച്ചെടുക്കാന്‍ പ്രയാസമുള്ള രണ്ട് കാര്യങ്ങളാണ് നര്‍മവും ഫാന്റസിയും. അതിലെ അയുക്തികളാണ് അതിന്റെ സൗന്ദര്യം. ഗന്ധര്‍വനും യക്ഷിയുമൊക്കെ നമ്മുടെ കഥാപരിസരങ്ങളില്‍ എപ്പോഴും ചുറ്റിത്തിരിയുന്നവരാണ്. അതിന്റെ യുക്തിഭദ്രത ചോദ്യം ചെയ്യുന്നതില്‍ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. ട്രെയിലര്‍ കണ്ട ശേഷം ഒരു ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസ്സുമായാണ് മലൈക്കോട്ടൈ വാലിബന്‍ കണ്ടത്. ചതിയന്‍മാരായ മല്ലന്‍മാരും, കുബുദ്ധിക്കാരായ മന്ത്രിമാരും, ചോരക്കൊതിയന്‍മാരായ രാജാക്കന്‍മാരും, ക്രൂരന്‍മാരായ പടയാളികളും, ഒപ്പം നല്ലവരായ ജനങ്ങളും, നര്‍ത്തകരും, മയിലാട്ടക്കാരും, എല്ലാം പണ്ടെങ്ങോ വായിച്ചുമറന്ന ഒരു ചിത്രകഥയെ ഓര്‍മ്മിപ്പിച്ചു,' മഞ്ജു വാര്യര്‍ പറഞ്ഞു.

'കടുംചായം കോരിയൊഴിച്ചൊരു കാന്‍വാസ് പോലെ ഭ്രമിപ്പിക്കുന്നു മധു നീലകണ്ഠന്റെ ഫ്രെയിമുകള്‍. തിയറ്ററില്‍ നിന്നിറങ്ങിയിട്ടും മനസ്സില്‍ പെരുമ്പറകൊട്ടുന്ന പ്രശാന്ത് പിള്ളയൊരുക്കിയ പശ്ചാത്തല സംഗീതം. അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്തു കൂടുതല്‍ പറയാന്‍! വാലിബന്‍ ഒരു കംപ്ലീറ്റ് എല്‍.ജെ.പി സിനിമയാണ്. ഇതിനു മുന്‍പ് അദ്ദേഹം എങ്ങനെ വ്യത്യസ്ത ആശയങ്ങളിലൂടെയും ചിത്രീകരണരീതികളിലൂടെയും നമ്മളെ വിസ്മയിപ്പിച്ചോ അതു വാലിബനിലും തുടരുന്നു. മലയാളത്തില്‍ അദ്ദേഹത്തിനു മാത്രം ചെയ്യാനാവുന്ന ഒന്ന്,' എന്നും മഞ്ജു വാര്യര്‍ സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടു.

Tags