സ്ക്രിപ്റ്റ് വർക്കുകൾ പൂർത്തിയായി; 'ജയിലർ' രണ്ടാം ഭാഗത്തിന്റെ അപ്ഡേഷനുകൾ ഉടൻ പുറത്തുവിടും; നെൽസൺ

jailer
jailer

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രം 'ജയിലറി'ന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ആ റിപ്പോർട്ടുകളെ ശരിവയ്ക്കുകയാണ് സംവിധായകൻ നെൽസൺ. ചിത്രത്തിന്റെ സ്ക്രിപ്റ്റ് വർക്കുകൾ പൂർത്തിയായെന്നും ഒരു മാസത്തിനുള്ളിൽ നിർമാതാക്കൾ തന്നെ രണ്ടാം ഭാഗത്തിന്റെ വിവരങ്ങൾ പുറത്തുവിടുമെന്നും നെൽസൺ പറഞ്ഞു. 

'ബീസ്റ്റ്' എന്ന ചിത്രത്തിന് ശേഷം നെൽസന്റെ തിരിച്ചുവരവ് കൂടിയായിരുന്നു 'ജയിലർ'. 600 കോടിക്കും മുകളിലാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത്. അനിരുദ്ധ് രവിചന്ദർ ആയിരുന്നു ജയിലറിനായി സംഗീതം ഒരുക്കിയത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും 'ടൈഗർ കാ ഹുക്കും' എന്ന ഗാനവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിനായകൻ, രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വിടിവി ഗണേഷ് എന്നിവർക്കൊപ്പം മോഹൻലാലും കന്നഡ നടൻ ശിവരാജ്‌കുമാറും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ വേഷത്തിന് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആയിരുന്നു ചിത്രം നിർമിച്ചത്.