ബോളിവുഡിന് പുതിയ ഷോക്ക്; വരുൺ ധവാൻ ചിത്രം ബേബി ജോണിനെ പിന്തള്ളി ഉണ്ണി മുകുന്ദന്റെ "മാർക്കോ"

New shock for Bollywood; Unni Mukundan's 'Marco' beats Varun Dhawan's Baby John
New shock for Bollywood; Unni Mukundan's 'Marco' beats Varun Dhawan's Baby John

മലയാളത്തിനു പിന്നാലെ ഹിന്ദിയിലും ബോക്സ് ഓഫീസ് പിടിച്ചു കുലുക്കി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’. സിനിമയ്ക്കു ലഭിച്ച അതിഗംഭീര പ്രതികരണങ്ങൾക്കു പിന്നാലെ ഹിന്ദിയിൽ 34 സ്ക്രീനുകളില്‍ നിന്നും 350 സ്ക്രീനുകളിലേക്ക് ചിത്രം മാറി. അതേസമയം ബോളിവുഡിലെ മലയാള ചിത്രങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്റെ മാർക്കോ. പൃഥ്വിരാജ് നായകനായ ‘ആടുജീവിതം’ സിനിമയ്ക്കായിരുന്നു ബോളിവുഡിൽ ഇത്രയും കാലം ഒരു മലയാള സിനിമയുടെ ഹിന്ദി പതിപ്പിനുള്ള ഏറ്റവും ഉയർന്ന കളക്ഷൻ റെക്കോർഡുകൾ ഉണ്ടായിരുന്നത് (42 ലക്ഷം). ഈ റെക്കോർഡിനെ തകർത്തെറിഞ്ഞു കഴിഞ്ഞു മാർക്കോ (51+ ലക്ഷം).

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ആക്‌ഷൻ ത്രില്ലർ ബോളിവുഡിൽ തരംഗമായി മാറുകയാണ്. ആദ്യദിനം 34 തിയറ്ററുകളില്‍ മാത്രം റിലീസായ മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് പ്രേക്ഷകരുടെ തള്ളിക്കയറ്റത്തെത്തുടര്‍ന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം വ്യാപിപ്പിച്ചു. പലയിടങ്ങളിലും ചിത്രത്തിന് അധിക ഷോകളുമുണ്ടായി. നിലവിൽ 350 തിയറ്ററുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. കൂടാതെ വരുൺ ധവാൻ നായകനായി എത്തിയ ബേബി ജോൺ എന്ന സിനിമയെ പിന്തള്ളി മാർക്കോ കൂടുതൽ സ്‌ക്രീനുകളിലേക്ക് തരംഗം സൃഷ്ട്ടിക്കുകയാണ്.

ഇതിനിടെ സിനിമയെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാൽ വർമയും രംഗത്തുവന്നു. ‘മാർക്കോ’ സിനിമയ്ക്കു ലഭിക്കുന്നതുപോലെ ഞെട്ടിക്കുന്ന പ്രതികരണങ്ങളും പ്രശംസകളും ഇതിനു മുമ്പ് ഒരു സിനിമയ്ക്കും താൻ കേട്ടിട്ടില്ലെന്നും ചിത്രം കാണാൻ അക്ഷമനായി കാത്തിരിക്കുകയാണെന്നും രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തു. ഉണ്ണി മുകുന്ദനാൽ താൻ കൊല്ലപ്പെടില്ല എന്നാണ് തന്റെ വിശ്വാസമെന്നും നടനെ ടാഗ് ചെയ്ത് വർമ പറഞ്ഞു.

സിനിമ റിലീസായി ഒരാഴ്‌ച പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ 50 കോടി രൂപയാണ് ബോക്‌സ് ഓഫിസില്‍ നേടിയത്. മാത്രമല്ല ഏഴ് ദിവസത്തെ കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഉത്തരേന്ത്യയില്‍ ഏറ്റവും വരുമാനം നേടിയ മലയാള ചിത്രമായി മാറിയിരിക്കുകയാണ് 'മാര്‍ക്കോ'. ഈ രീതി തുടര്‍ന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിതം 100 കോടി കടക്കുമെന്നാണ് സൂചന. മാത്രമല്ല ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്‌ഷനാണ് 'മാര്‍ക്കോ'യിലൂടെ നേടുന്നത്.

ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷമെത്തിയ ആക്‌ഷന്‍ ചിത്രങ്ങളിലൊന്നായ കില്‍ (ഹിന്ദി) ലൈഫ് ടൈം കളക്‌ഷന്‍ 47 കോടി രൂപയായിരുന്നു. ഇതാണ് വെറും അഞ്ച് ദിവസം കൊണ്ട് മാര്‍ക്കോ മറികടന്നത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടന്‍ തന്നെ പുറത്തിറങ്ങും. തെലുങ്ക് പതിപ്പ് ജനുവരി ഒന്നിനും തമിഴ് പതിപ്പ് ജനുവരി മൂന്നിനുമാണ് പുറത്തിറങ്ങുക. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റൺ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.

ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ,  സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ്  തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജുമാനാ ഷെരീഫ്, അബ്ദുൾ ഗദാഫ്. ഗാനരചന: വിനായക് ശശികുമാർ. ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്. ചിത്രസംയോജനം: ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ. കലാസംവിധാനം: സുനിൽ ദാസ്. മേക്കപ്പ്: സുധി സുരേന്ദ്രൻ. കോസ്റ്റ്യൂം ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബിനു മണമ്പൂർ. ഓഡിയോഗ്രഫി: എം.ആർ. രാജകൃഷ്ണൻ. സൗണ്ട് ഡിസൈൻ: കിഷൻ. പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ ടെൻ ജി മീഡിയ. വിഎഫ്എക്സ്: 3 ഡോർസ്. സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ.

Tags