സിനിമ കാണുന്നത് വ്യക്തി താത്‌പര്യം, എന്നാൽ വോട്ട് ചെയ്യുന്നത് കടമ’; ടൊവിനോ തോമസ്

Tovino

സിനിമ കാണുന്നത് വ്യക്തി താൽപര്യവും എന്നാൽ വോട്ട് ചെയ്യുന്നത് കടമയാണമാണെന്ന് യുവവോട്ടർമാരെ ഓർമ്മിപ്പിച്ച് സിനിമാതാരം ടൊവിനോ തോമസ്. കൊച്ചിയിൽ നടന്ന ദേശീയ സമ്മതിദായക ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു ടൊവിനോ.

വോട്ടവകാശം വിനിയോഗിക്കുന്നതിൻറെ പ്രധാന്യം യുവ വോട്ടർമാരിൽ സൃഷ്ടിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നഗര വോട്ടർമാരുടെയും, ചെറുപ്പക്കാരുടെയും വോട്ടിംഗ് ശതമാനം ഉയർത്തുക എന്ന തെരഞ്ഞെടുപ്പ് കമ്മീഷൻറെ ലക്ഷ്യം തുടങ്ങിയത് കേരളത്തിൻറെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയിൽ നിന്നാണ്. തൃക്കാക്കര ഭാരത് മാതാ കോളജിൽ നടന്ന പരിപാടിയിൽ സിനിമ താരം ടൊവിനോ തോമസ് മുഖ്യാതിഥിയായി. തിരക്കിലും വോട്ട് ചെയ്യാൻ കിട്ടുന്ന അവസരം പാഴാക്കില്ലെന്നും, പുതിയ വോട്ടർമാരും ആ അവകാശം നിറവേറ്റണമെന്നും ടൊവിനോ ഓർമിപ്പിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷൻറെ സമ്മതിദായക സത്യപ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ടൊവിനോ ചൊല്ലിക്കൊടുത്തു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ജയ് കൌൾ, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എൻഎസ്കെ ഉമേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം നടത്തിയ ജില്ലകൾക്കുള്ള പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു.

Tags