തൂവാനത്തുമ്പികളുടെ മുപ്പത്തിയഞ്ച് വർഷങ്ങൾ;”ഞാന്‍ ഇപ്പോഴും ഓര്‍ക്കും…ഓരോ മുഖം കാണുമ്പോഴും ഓര്‍ക്കും”
thoovanathumbikal


 


”ഞാന്‍ ഇപ്പോഴും ഓര്‍ക്കും…ഓരോ മുഖം കാണുമ്പോഴും ഓര്‍ക്കും”; തൂവാനത്തുമ്പികളുടെ മുപ്പത്തിയഞ്ച് വർഷങ്ങൾ
”ക്ലാര: ഞാന്‍ ഇപ്പോഴും ഓര്‍ക്കും…ഓരോ മുഖം കാണുമ്പോഴും ഓര്‍ക്കും
ജയകൃഷ്ണന്‍: മുഖങ്ങളുടെ എണ്ണം അങ്ങിനെ കൂടിക്കൊണ്ടിരിക്കുകയല്ലേ…അങ്ങനെ കൂടിക്കൂടി ഒരു ദിവസം അതങ്ങ് മറക്കും”

പക്ഷെ മലയാളികൾക്ക് ഒരിക്കലും ക്ലാരയെയും ജയകൃഷ്ണനെയും മറക്കാനാവില്ല. തലമുറകളെ സ്വാധീനിച്ച്‌, തലമുറകള്‍പ്പുറം ജീവിക്കുകയാണവർ. ‘തൂവാനത്തുമ്പികള്‍'എന്ന ആരേയും മോഹിപ്പിക്കുന്ന ടൈറ്റിലും സിനിമയും ജയകൃഷ്ണനും മണ്ണാറത്തൊടിയും ക്ലാരയും രാധയുമെല്ലാം മലയാളികൾ ഏറ്റെടുത്തിട്ട് ഇന്നേക്ക് 35 വര്‍ഷങ്ങൾ.

പദ്മരാജന്റെ സംവിധാനത്തില്‍ മോഹന്‍ലാലിന്റെതായി പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നാണിത്. ജയകൃഷ്ണനും ക്ലാരയുമായി മോഹൻലാലും സുമലതയും തകര്‍ത്തഭിനയിച്ച ചിത്രം മലയാളി മനസുകളിൽ വളരെവേഗം ഇടം നേടി.

ഇവരുടെ പ്രകടനം തന്നെയായിരുന്നു സിനിമയില്‍ മുഖ്യ ആകര്‍ഷണമായി മാറിയത്. അതുവരെ ചിരപരിചിതമായ രതി പ്രണയ സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച സിനിമ കൂടിയായിരുന്നു തൂവാനത്തുമ്പികള്‍. ഉദകപ്പോള എന്ന സ്വന്തം നോവലിനെ ആസ്പദമാക്കിയായിരുന്നു പദ്മരാജന്‍ സിനിമ എടുത്തത്.

നാട്ടിന്‍പുറത്തുകാരന്റെയും പട്ടണത്തിലെ ജീവിതം ആസ്വദിക്കുന്ന യുവാവിന്റെയും കഥാപാത്രങ്ങളായി മോഹന്‍ലാല്‍ ചിത്രത്തിൽ പകർന്നാടുന്നു. നാട്ടിന്‍ പുറത്തുകാരിയായ രാധയെ ജയകൃഷ്ണന്‍ സ്‌നേഹിക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്യുന്നു.
എന്നാല്‍ ക്ലാരയുമായുളള ബന്ധം ജയകൃഷ്ണന് ഉപേക്ഷിക്കാന്‍ സാധിക്കാതെ വരികയും തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ കാണിച്ചത്. ക്ലാര എന്ന നായികയുടെ സാന്നിദ്ധ്യത്തെ മഴയുമായി മനോഹരമായി സംവിധായകന്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. മലയാളത്തിലിറങ്ങിയ എക്കാലത്തെയും മികച്ച പ്രണയ കാവ്യങ്ങളിലൊന്നായാണ് തൂവാനത്തുമ്പികള്‍ അറിയപ്പെടുന്നത്.

പാർവതി, അശോകന്‍, ബാബു നമ്പൂതിരി, ശ്രീനാഥ്, സുകുമാരി, ജഗതി ശ്രീകുമാര്‍, ശങ്കരാടി, എംജി സോമന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് ഒരുക്കിയ പാട്ടുകളും ശ്രദ്ധേയമായി മാറി. 1987 ജൂലായ് 31നായിരുന്നു തൂവാനത്തുമ്പികള്‍ തിയറ്ററുകളിൽ എത്തിയത്.

Share this story