ഹോളിവുഡ് ചിത്രം ഡ്യൂണിന്റെ രണ്ടാം ഭാഗം മാര്‍ച്ച് ഒന്നിന് തിയേറ്ററുകളിലേക്ക്

dune

2021 ല്‍ ഓസ്‌കര്‍ നേടിയ ഹോളിവുഡ് ചിത്രം ഡ്യൂണിന്റെ രണ്ടാം ഭാഗം മാര്‍ച്ച് ഒന്നിന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തു വന്നു. ഡെനിസ് വില്ലെന്യൂവ് ആണ് സംവിധായകന്‍. തിമിത്തി ഷാലമി, റെബേക്ക ഫെര്‍ഗൂസന്‍, ഓസ്‌കര്‍ ഐസക്, ജോഷ് ബ്രോലിന്‍, ഡേവ് ബൗട്ടിസ്റ്റ, സെന്‍ഡയ, ജേസണ്‍ മമൊവ, ചാംഗ് ചെംഗ്, സൗഹീല യാക്കൂബ് എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

സൗഹീല യാക്കൂബ് ഏത് കഥാപത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നതിനെ കുറിച്ചുള്ള സ്ഥിരീകരങ്ങള്‍ പുറത്തു വന്നിട്ടില്ല. ഫ്രാങ്ക് ഹെര്‍ബര്‍ട്ടിന്റെ ഡ്യൂണ്‍ എന്ന സയന്‍സ് ഫിക്ഷന്‍ നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ നോവലില്‍ ഷിഷാക്ലിയെന്ന കഥാപാത്രത്തെയാകും സൗഹീല യാക്കൂബ് അവതരിപ്പിക്കുക എന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്. 10191-ലെ അരാക്കിസ് എന്ന ഗ്രഹമാണ് കഥാ പശ്ചാത്തലം.

ഹോളിവുഡ് സ്‌ട്രൈക്കിനെ തുടര്‍ന്ന് ചിത്രീകരണം നീണ്ടുപോയ സിനിമകളില്‍ ഒന്നാണ് ഡ്യൂണ്‍ 2. 2023 നവംബറില്‍ ആണ് ആദ്യം റിലീസ് പ്രഖ്യാപിച്ചിരുന്നത്. 400 മില്യണ്‍ ഡോളര്‍ ആയിരുന്നു ആദ്യ ഭാഗത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍. ആറ് വിഭാഗങ്ങളില്‍ ചിത്രം ഓസ്‌കര്‍ നേടുകയും ചെയ്തു. രണ്ടാം ഭാഗത്തിന് മേല്‍ വലിയ പ്രതീക്ഷയിലാണ് സിനിമ പ്രേമികള്‍.

Tags