വെള്ളപ്പൊക്കം ; ആമിര്‍ ഖാനെയും വിഷ്ണു വിശാലിനെയും രക്ഷപ്പെടുത്തി റെസ്‌ക്യു ടീം

google news
aamir

മിഗ്‌ജോം ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയില്‍ ചില പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടിലാണ്. വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ ആളുകളെ ഒഴിപ്പിക്കുകയാണ്. ഇതിനിടയില്‍ നടന്‍ വിഷ്ണു വിശാലിനെയും ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാനെയും റെസ്‌ക്യൂ ടീം രക്ഷപ്പെടുത്തി. വെള്ളത്താല്‍ ചുറ്റപ്പെട്ട വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന അവസ്ഥയിലാണ് ഇരുവരെയും പുറത്തെത്തിച്ചത്. കാരപ്പാക്കത്തുള്ള തന്റെ വീടിനുള്ളിലേക്ക് വെള്ളം കയറിത്തുടങ്ങിയെന്നും വൈദ്യുതിയും വൈഫൈയും ഇല്ലെന്നും ഈ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തണമെന്നും വിഷ്ണു വിശാല്‍ എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു.

വിഷ്ണു വിശാലിന്റെ പോസ്റ്റ് വൈറലായതോടെ അധികൃതര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരെ അയയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നടനെയും പങ്കാളിയും കായിക താരവുമായ ജ്വാല ഗുട്ടയെയും പുറത്തെത്തിക്കുകയായിരുന്നു. നടനൊപ്പം തൊട്ടടുത്ത് താമസിച്ചിരുന്ന ആമിര്‍ ഖാനെയും ഇതോടൊപ്പം പുറത്തെത്തിച്ചു. ശേഷം രക്ഷാപ്രവര്‍ത്തകര്‍ക്കും തമിഴ്‌നാട് സര്‍ക്കാരിനും നന്ദി അറിയിച്ച് നടന്‍ മറ്റൊരു പോസ്റ്റും എക്‌സില്‍ പങ്കുവെച്ചു.

കമല്‍ ഹാസന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആമിര്‍ തിരികെ മുംബൈയില്‍ പോകാതെ ചെന്നൈയില്‍ തുടരുകയാണ്. മുമ്പ് ആമിറിനൊപ്പമുള്ള ചിത്രങ്ങള്‍ വിഷ്ണു വിശാല്‍ പങ്കുവെച്ചിരുന്നു. 


 

Tags