'മൂപ്പര് ആട്ടിന്‍കുട്ടിയെപോലെ നടക്കും,പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാല്‍ പുലിയാ'; എസ്ആര്‍കെയോട് ഹരീഷ്‌പേരടി

google news
hareesh

മോഹന്‍ലാലിന്റെ 'സിന്ദാ ബന്ദാ' ഡാന്‍സും അതിന് ഷാരൂഖ് ഖാന്റെ പ്രശംസയും ഇപ്പോഴും ചര്‍ച്ചാ വിഷയമായി തുടരുകയാണ്. എസ്ആര്‍കെയുടെ പോസ്റ്റ് നിരവധി ആരാധകര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ഷാരൂഖ് ഖാന്റെ പോസ്റ്റില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

'എന്റെ ഷാരൂഖ് ഖാന്‍ സാര്‍, നിങ്ങള്‍ക്ക് മൂപ്പരെ ശരിക്കും മനസ്സില്ലായിട്ടില്ലാ എന്ന് തോന്നുന്നു. ജീവിതത്തില്‍ മൂപ്പര് ഒരു ആട്ടിന്‍കുട്ടിയെപോലെ നടക്കും. ആരുപറഞ്ഞാലും അനുസരിക്കും. പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാല്‍ പിന്നെ പൂലിയാണ്. ഡാന്‍സും സിനിമയും മാത്രമല്ല, രണ്ട് മണിക്കൂറില്‍ അധികമുള്ള കാവാലം സാറിന്റെ സംസ്‌കൃത നാടകം നിന്ന നില്‍പ്പില്‍ ഒരു അക്ഷരം തെറ്റാതെ ലൈവായി കളിച്ചിട്ടുണ്ട് ഈ മനുഷ്യന്‍. ഇത്രയൊക്കെ കഴിഞ്ഞാലും ഒരു എക്‌സ്പീരിയന്‍സുമില്ലാത്ത ഒരു അഭിനേതാവ് മൂപ്പരെ മുന്നില്‍ വന്ന് നിന്നാല്‍ അയാളോട് നിങ്ങളാണ് വലിയവന്‍ എനിക്കൊന്നുമറിയില്ലാ എന്ന് രീതിയില്‍ പെരുമാറി അയാളെ പ്രോല്‍സാഹിപ്പിക്കും. ഞാന്‍ അറിഞ്ഞ ലാലേട്ടനെ കുറിച്ച് ഒരു സത്യം നിങ്ങളോട് തുറന്ന് പറയട്ടെ, മൂപ്പര്‍ക്ക് ആരെയും ഒന്നിനെയും പേടിയില്ല. ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂര്‍ണനായ കലാകാരനാക്കുന്നത്. അതുകൊണ്ട് തന്നെ അയാളില്‍ നിന്ന് അത്ഭുതങ്ങള്‍ എപ്പോഴും പ്രതീക്ഷിക്കാം, വാഴ്ത്തുക്കള്‍ ലാലേട്ടാ,' ഹരീഷ് പേരടി കുറിച്ചു.

കഴിഞ്ഞ ദിവസം വനിത അവാര്‍ഡ്‌സുമായി ബന്ധപ്പെട്ട് നടന്ന പിരപാടിയിലാണ് മോഹന്‍ലാല്‍ പെര്‍ഫോമന്‍സ് കൊണ്ട് കയ്യടി വാങ്ങിയത് . അടുത്ത മാസം 64 തികയുന്ന ഒരു മനുഷ്യനാണോ ചെറുപ്പക്കാരനെ പോലെ ഇങ്ങനെ ഡാന്‍സ് ചെയ്യുന്നത് എന്നായിരുന്നു പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ ചോദിച്ചത്. പിന്നാലെ കിംഗ് ഖാനും എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ മോഹന്‍ലാലിന് നന്ദി പറയുകയായിരുന്നു.

Tags