പണം വാങ്ങി ചിത്രവുമായി സഹകരിക്കാതെ വഞ്ചിച്ചു; മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരായ കേസ് 13-ലേക്ക് മാറ്റി
കോഴിക്കോട്: സിനിമാ നിർമ്മാണ കരാറുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പണംവാങ്ങി വഞ്ചിച്ചുവെന്ന പരാതി സെപ്റ്റംബർ 13-ലേക്കു മാറ്റി. കോഴിക്കോട് അഞ്ചാം അഡീഷണൽ ജില്ല സെഷൻസ് കോടതിയാണ് കേസ് മാറ്റിയത്. നിർമ്മാതാവും സംവിധായകനുമായ കെഎ ദേവരാജൻ നൽകിയ അപ്പീലിലാണ് നടപടി. മോഹൻലാലും ആൻ്റണി പെരുമ്പാവൂരും അന്ന് കോടതിക്ക് മുന്നിൽ ഹാജരാവണമെന്നും നിർദേശമുണ്ട്.
'സ്വപ്നമാളിക' എന്ന സിനിമയ്ക്ക് വേണ്ടി മോഹൻലാലും ആന്റണി പെരുമ്പാവൂരും 30ലക്ഷം രൂപയുടെ ചെക്ക് 2007 മാർച്ച് 29 ന് കൈപറ്റിയെന്നും തുടർന്ന് ചിത്രവുമായി സഹകരിക്കാതെ വഞ്ചിച്ചെന്നുമാണ് ദേവരാജന്റെ പരാതി. കോഴിക്കോട് നാലാം ജുഡീ ഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരത്തേ നൽകിയ സ്വകാര്യ അന്യായം തള്ളിപ്പോവുകയായിരുന്നു. ഇതിനെ തുടർന്ന് നൽകിയ അപ്പീലാണ് ഇപ്പോൾ കോടതി പരിഗണിക്കുന്നത്.
മോഹൻലാലിന്റെ കഥ സിനിമയാകുന്നു എന്ന നിലയിൽ അടക്കം ശ്രദ്ധനേടിയ ചിത്രം 2008 ൽ പുറത്തിറങ്ങേണ്ടതായിരുന്നു. 2007 ൽ ചിത്രീകരണം ആരംഭിച്ച സിനിമ എന്നാൽ പലകാരണങ്ങളാൽ മുടങ്ങി. തങ്ങളുടെ അനുവാദമില്ലാതെ കഥയിലും തിരക്കഥയിലും മാറ്റം വരുത്തിയെന്നാരോപിച്ച് മോഹൻലാലും തിരക്കഥ എഴുതിയ എസ് സുരേഷ്ബാബുവും സംവിധായകൻ ദേവരാജിനെതിരെ കോടതിയെ സമീപിച്ചിരുന്നു.