മികച്ച ആനിമേഷൻ സിനിമയ്ക്കുള്ള ഓസ്കർ നേടിയ 'ദ ബോയ് ആൻഡ് ദ ഹെറോൺ' ഇന്ത്യയിൽ റിലീസിനൊരുങ്ങുന്നു

the boy and the heron

ഈ വർഷത്തെ മികച്ച ആനിമേഷൻ സിനിമയ്ക്കുള്ള ഓസ്കർ സ്വന്തമാക്കിയ ജാപ്പനീസ് ചിത്രം 'ദ ബോയ് ആൻഡ് ദ ഹെറോൺ'.  ഇന്ത്യയിൽ റിലീസിനൊരുങ്ങുന്നു. ഇംഗ്ലീഷ് ഡബ്ബ്ഡ് വേർഷനും ഇംഗ്ലീഷ് സബ്ടൈറ്റിലോടു കൂടി ജാപ്പനീസിലുമാണ് ദ ബോയ് ആൻഡ് ദ ഹെറോൺ എത്തുക. എന്നാൽ റിലീസ് തീയതി നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടില്ല. 

യുഎസിലും മറ്റ് ആഗോള വിപണികളിലും ശ്രദ്ധേയമായ ഹയോവോ മിയാസാകിയുടെ സൃഷ്ടിയിൽ ഒരുങ്ങിയ ചിത്രം ഒൻപത് മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്. പത്ത് വർഷത്തിന് ശേഷമുള്ള മിയാസാകിയുടെ ആദ്യ വലിയ പ്രോജക്ട് കൂടിയാണ് ഈ ആനിമേഷൻ ചിത്രം. ഗോൾഡൻ ഗ്ലോബ്‌സ്, ബാഫ്‌റ്റ ഫിലിം അവാർഡ്‌സ്, ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിൾ അവാർഡുകൾ, ലോസ് ആഞ്ചൽസ് ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ എന്നീ പുരസ്കാരങ്ങൾ സ്വന്തമാക്കിയ സെലിബ്രേറ്റഡ് ആനിമേഷൻ ചിത്രമാണ് ദ ബോയ് ആൻഡ് ദ ഹെറോൺ.

മഹിറ്റോ എന്ന കൗമാരക്കാരന്റെ സാഹസികമായ കഥയാണ് ദ ബോയ് ആൻഡ് ദ ഹെറോൺ പറയുന്നത്. ക്രിസ്റ്റ്യൻ ബെയ്ൽ, റോബർട്ട് പാറ്റിൻസൺ, ഫ്ലോറൻസ് പഗ്, ഡേവ് ബൗട്ടിസ്റ്റ, വില്ലെം ഡാഫോ, ഗെമ്മ ചാൻ, മാർക്ക് ഹാമിൽ, കാരെൻ ഫുകുഹാര എന്നിവരുൾപ്പെടെ ഒരു മികച്ച ഇംഗ്ലീഷ് വോയ്‌സ് കാസ്റ്റ് തന്നെ ചിത്രത്തിന് പിന്നിലുണ്ട്.