' വലിയ തൃപ്തി ഒന്നും ലഭിച്ചില്ല,എന്തിനാണ് ഇത്ര ഹൈപ്പ് കൊടുക്കുന്നത്'; 'മഞ്ഞുമ്മൽ ബോയ്സി'നെ വിമർശിച്ച് തമിഴ് നടി

mekhana

കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും മികച്ച വിജയം നേടി മുന്നേറുകയാണ് മഞ്ഞുമ്മൽ ബോയ്സ്. കോളിവുഡിലെയും ബോളിവുഡിലെയും നിരവധി പ്രമുഖർ ചിത്രത്തെ പ്രശംസിച്ച് രംഗത്തുവരികയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ സിനിമയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടി മേഘ്ന.

'ഞാൻ ഒരു മലയാളിയാണ്. ഞാൻ മനസിലാക്കിയിടത്തോളം കേരളത്തിൽ മഞ്ഞുമ്മൽ ബോയ്സിന് ഇത്രത്തോളം പ്രതികരണം ഒന്നും ലഭിക്കുന്നില്ല. തമിഴ്‌നാട്ടിൽ ഈ സിനിമ ഇത്രത്തോളം ആഘോഷിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഞാൻ സിനിമ കണ്ടതാണ്. വലിയ തൃപ്തി ഒന്നും ലഭിച്ചില്ല. എന്തുകൊണ്ടാണ് ആ സിനിമയ്ക്ക് ഇത്ര ഹൈപ്പ് കൊടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ല,' എന്നായിരുന്നു താരത്തിന്റെ പ്രതികരണം. താരത്തിന്റെ പുതിയ ചിത്രമായ അരിമാപ്പട്ടി ശക്തിവേൽ കണ്ടതിന് ശേഷം തിയേറ്ററിൽ നിന്ന് പുറത്തിറങ്ങവേയായിരുന്നു മേഘ്ന മഞ്ഞുമ്മൽ ബോയ്സിനെതിരെ പ്രതികരിച്ചത്. 

ഇതിനുപിന്നാലെ നടിക്കെതിരെ രൂക്ഷ വിമർശനവുമായി നിരവധി മലയാളികൾ രംഗത്തെത്തി. അതേസമയം അരിമാപ്പട്ടി ശക്തിവേൽ എന്ന സിനിമയുടെ സംവിധായകനും മേഘ്നയ്ക്കൊപ്പമുണ്ടായിരുന്നു. താരം സിനിമയ്‌ക്കെതിരെ പ്രതികരിച്ചപ്പോൾ സിനിമ ഇമോഷണലി കണക്ട് ആയതായാണ് സംവിധായകൻ പറഞ്ഞത്.