ജയ് ഭീം വിവാദം കൊഴുക്കുന്നു ; നടൻ സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
suryajyothika

തമിഴ് ചിത്രം ജയ് ഭീമിന്‍റെ നിര്‍മ്മാതാക്കള്‍ക്കെതിരായ പരാതിയില്‍ കേസെടുക്കാൻ കോടതി ഉത്തരവ്. ഇതനുസരിച്ച് ചിത്രത്തിന്റെ നിർമ്മാതാക്കളായ നടൻ സൂര്യയ്ക്കും ഭാര്യയും നടിയുമായ ജ്യോതികയ്ക്കുമെതിരെ പൊലീസ് കേസെടുക്കും. തങ്ങളുടെ സമുദായത്തിന്‍റെ വികാരത്തെ മുറിപ്പെടുത്തുന്നതാണ് ഈ ചിത്രമെന്ന് ചൂണ്ടിക്കാട്ടി രുദ്ര വണ്ണിയാര്‍ സേന നൽകിയ ഹർജിയിലാണ് കോടതി ഉത്തരവിട്ടത്.

രുദ്ര വണ്ണിയാര്‍ സേനയുടെ സ്ഥാപകന്‍ അഡ്വ. കെ സന്തോഷ് നായ്ക്കരാണ് ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കകം എഫ്.ഐ.ആര്‍ സമര്‍പ്പിക്കാനാണ് കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കേസില്‍ എഫ്.ഐ.ആര്‍ ഇടാന്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി വേളച്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് നിര്‍ദേശം നൽകി. വണ്ണിയാര്‍ സമുദായം നിയമം അനുസരിക്കാത്തവരാണെന്നും വണ്ണിയാര്‍ സമുദായത്തിന്‍റെ നേതാവ് ഗുരു ഗോത്രവിഭാഗത്തിനെതിരെ പ്രവര്‍ത്തിച്ചയാളാണെന്നും സിനിമയിലൂടെ പ്രചരിപ്പിക്കുകയാണെന്ന് സന്തോഷ് നായ്ക്കരുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹിന്ദുത്വത്തിനെതിരെ വെറുപ്പ് സൃഷ്ടിക്കുന്നതും സാമുദായിക മൈത്രിയെ അലോസരപ്പെടുത്തുന്നതുമായ ദൃശ്യങ്ങൾ സിനിമയിലുണ്ടെന്നും ഹര്‍ജിയിൽ വ്യക്തമാക്കുന്നുണ്ട്.

നടൻ സൂര്യയ്ക്കും ഭാര്യ ജ്യോതികയ്ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 (കലാപം ഉണ്ടാക്കാന്‍ മനപ്പൂര്‍വമായ പ്രകോപനം സൃഷ്ടിക്കല്‍), 153 എ (1) (വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കല്‍), 499 (മാനനഷ്ടം), 503 (ഭീഷണിപ്പെടുത്തല്‍), 504 (സമാധാനം തകര്‍ക്കാന്‍ മനപ്പൂര്‍വ്വമായ അധിക്ഷേപിക്കല്‍) അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ശിക്ഷാനടപടി സ്വീകരിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

സൂര്യ നായകനായെത്തി നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ഒരുപോലെ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു ജയ്ഭീം. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ചന്ദ്രു എന്ന വക്കീല്‍ കഥാപാത്രത്തെയാണ് സൂര്യ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. 2021 നവംബറിൽ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ജയ് ഭീമിന്‍റെ റിലീസ്.

Share this story