പൊട്ടിച്ചിരിപ്പിച്ച് സുരേശനും സുമലതയും;'ഹൃദയഹാരിയായ പ്രണയകഥ ' ട്രെയിലർ പുറത്ത്

google news
 Sureshan and Sumalatha burst out laughing

സുരേശനേയും സുമലതയേയും '1000 കണ്ണുമായ്' എന്ന് ആലേഖനം ചെയ്ത ഓട്ടോറിക്ഷയേയും അറിയാത്ത  മലയാളികൾ കുറവായിരിക്കും . കാത്തുകാത്തിരുന്ന് ഒടുവിൽ സുരേശനും സുമലതയും നായകനും നായികയുമായെത്തുന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ് മെയ് 16ന്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കുന്ന 'സുരേശൻറേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ' എന്ന  സിനിമയുടെ രസികൻ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.

ഒരു ടൈംട്രാവൽ കോമഡി സിനിമയാണോ എന്ന തോന്നൽ ട്രെയിലർ കാണുമ്പോൾ പ്രേക്ഷകമനസ്സുകളിലുണ്ടാകുന്നുണ്ട്. ഏതായാലും തുടക്കം മുതൽ ഒടുക്കം വരെ ചിരിക്കാനുള്ള വക ചിത്രം സമ്മാനിക്കുമെന്നാണ് ട്രെയിലർ നൽകുന്ന ഉറപ്പ്. ഒട്ടേറെ സിനിമകളിലൂടെ ശ്രദ്ധേയരായ രാജേഷ് മാധവനും ചിത്ര നായരുമാണ് സുമലത ടീച്ചർ, സുരേശൻ കാവുങ്കൽ എന്നീ കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നത്. മാത്രമല്ല ചാക്കോച്ചൻ ഗസ്റ്റ് റോളിൽ ചിത്രത്തിലുണ്ടെന്നതും ഏവരിലും കൗതുകം ജനിപ്പിക്കുന്നുണ്ട്. കൂടാതെ ഒട്ടേറെ അഭിനേതാക്കളും സിനിമയിലുണ്ട്.

സിനിമയുടെ വേറിട്ട രീതിയിലുള്ള സേവ് ദി ഡേറ്റ് ടീസറും ഫസ്റ്റ് ലുക്കും സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു. 1960, 1990, 2023 ഇങ്ങനെ മൂന്ന് കാലഘട്ടങ്ങളിലുള്ള സുരേശൻറേയും സുമലതയുടെയും പ്രണയ നിമിഷങ്ങളാണ് ബ്ലാക്ക് ആൻഡ് വൈറ്റിലും ഓറഞ്ച് നിറത്തിലും നീലയിലും ഇറക്കിയിരിക്കുന്ന പോസ്റ്ററിലുണ്ടായിരുന്നത്. ചിത്രത്തിലേതായി ഇറങ്ങിയ 'ചങ്കുരിച്ചാൽ...' എന്ന ഗാനവും അതിന് പിന്നാലെ ഇറങ്ങിയ 'നാടാകെ നാടകം കൂടാനായി ഒരുക്കം...' എന്ന് തുടങ്ങുന്ന ഗാനവും സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ ട്രെയിലറും ഏവരുടേയും ശ്രദ്ധ നേടിയിരിക്കുകയാണ്. അജഗജാന്തരം എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ ​സിൽവർ ബെ സ്റ്റുഡിയോസും സിൽവർ ബ്രൊമൈഡ് പിക്ചേഴ്സും ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്.

Tags