വീണ്ടും വാക്കുപാലിച്ചു : മിമിക്രി കലാകാരന്മാർക്ക് സുരേഷ് ​ഗോപിയുടെ വക രണ്ടുലക്ഷം
sureshgopi nadirsha

പുതിയ സിനിമകളുടെ അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നൽകുമെന്ന വാക്ക് വീണ്ടും പാലിച്ച് സുരേഷ് ​ഗോപി. സംവിധായകൻ കൂടിയായ നാദിർഷയ്ക്കാണ് അദ്ദേഹം രണ്ടുലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.

ലിസ്റ്റിൻ സ്റ്റീഫനും മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്ന 'എസ് ജി 255' എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൻ്റെ അഡ്വാൻസിൽ നിന്നാണ് ഉറപ്പ് നൽകിയിരുന്ന തുക താരം സംഘടനയ്ക്ക് കൈമാറിയത്. രണ്ട് ലക്ഷം രൂപ കൈമാറിയതായി താരം തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ചെക്ക് കൈമാറുന്ന ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് നടന് ആശംസകളും നന്ദിയും അറിയിച്ച് രംഗത്തെത്തുന്നത്. രമേഷ് പിഷാരടി, ​ഗിന്നസ് പക്രു എന്നിവരും ഇക്കൂട്ടത്തിലുൾപ്പെടുന്നു. നേരത്തെ 'ഒറ്റക്കൊമ്പൻ' എന്ന ചിത്രത്തിൻ്റെ അഡ്വാൻസിൽ നിന്ന് ഒരു തുകയും സുരേഷ് ഗോപി മിമിക്രി കലാകാരന്മാർക്ക് നൽകിയിരുന്നു.

Share this story