ഇലക്ട്രിക് വാഹനങ്ങളിലെ ഏറ്റവും കുഞ്ഞന്‍ എം.ജി. കോമറ്റ് ഇ.വി. സ്വന്തമാക്കി സുനിൽ ഷെട്ടി

sunil shetty

ഇലക്ട്രിക് വാഹനങ്ങളിലെ ഏറ്റവും കുഞ്ഞന്‍ മോഡലായ എം.ജി. കോമറ്റ് ഇ.വി സ്വന്തമാക്കി ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സുനില്‍ ഷെട്ടി. എന്റെ ആദ്യ ഇലക്ട്രിക്, എം.ജി. കോമറ്റ്, ലൗ ഇറ്റ് എന്ന കുറിപ്പോടെ സുനില്‍ ഷെട്ടി തന്നെയാണ് പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഹമ്മര്‍, ബെന്‍സ്, ബി.എം.ഡബ്ല്യു തുടങ്ങിയ അത്യാഡംബര വാഹനങ്ങളുള്ള ഗ്യാരേജിലേക്കാണ് അദ്ദേഹം എം.ജി. കോമറ്റ് ഇ.വി. എത്തിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ എത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ഇലക്ട്രിക് കാറാണ് എം.ജി. കോമറ്റ് ഇ.വി. 7.98 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്.ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് എം.ജി. മോട്ടോഴ്സിന്റെ രണ്ടാമത്തെ ഇലക്ട്രിക് മോഡലായ കോമറ്റ് ഇ.വി. ഇന്ത്യന്‍ വിപണയില്‍ എത്തിയത്. പേസ്, പ്ലേ, പ്ലെഷ് എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ കുഞ്ഞന്‍ ഇലക്ട്രിക് വാഹനത്തിന് യഥാക്രമം 7.98 ലക്ഷം, 9.28 ലക്ഷം, 9.98 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. 

വലിപ്പക്കുറവ് തന്നെയാണ് എം.ജി. കോമറ്റ് ഇ.വിയുടെ സവിശേഷത. 2974 എം.എം. നീളവും 1505 എം.എം. വീതിയും 1640 എം.എം. ഉയരവും 2010 എം.എം. വീല്‍ബേസുമായാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. 
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 230 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 

ഐ.പി.67 റേറ്റിങ്ങ് നേടിയിട്ടുള്ള 17.3 കിലോവാട്ട് അവര്‍ ശേഷിയുള്ള ഇലക്ട്രിക് ബാറ്ററിയാണ് ഇതിലുള്ളത്. 42 പി.എസ്. പവറും 110 എന്‍.എം. ടോര്‍ക്കുമേകുന്ന പെര്‍മനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോറാണ് ഈ വാഹനത്തിലുള്ളത്. എ.സി. ചാര്‍ജിങ്ങ് മാത്രമുള്ള വാഹനം പൂര്‍ണമായും ചാര്‍ജ് നിറയാന്‍ ഏഴ് മണിക്കൂര്‍ വേണം. വലിപ്പത്തില്‍ ചെറുതാണെങ്കിലും ഏറ്റവും മികച്ചതും വിശാലമായതുമായ അകത്തളവുമായാണ് ഈ വാഹനം എത്തിയത്. എം.ജി. വാഹനങ്ങളുടെ മുഖമുദ്രയായ കണക്ടഡ് ഫീച്ചറുകള്‍ ഉള്‍പ്പെടെയുള്ളവയും ഈ കുഞ്ഞന്‍ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.