സ്റ്റേ നീങ്ങി: സൈജു കുറുപ്പ് നായകനായ 'പൊറാട്ട് നാടക'ത്തിന് പ്രദര്‍ശനാനുമതി

saiju

സൈജു കുറുപ്പ് നായകനായ 'പൊറാട്ട് നാടകം' തിയേറ്ററുകളിലേയ്ക്ക്. എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നീങ്ങിയതോടെയാണ് സിനിമ റിലീസിനെത്തുന്നത്. പകര്‍പ്പവകാശ ലംഘനത്തിന്റെ പേരില്‍ സിനിമയ്‌ക്കെതിരെയുണ്ടായ ആരോപണങ്ങള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കോടതിയില്‍ നിഷേധിച്ചു. ഇരു വിഭാഗത്തിന്റേയും വാദങ്ങള്‍കേട്ട എറണാകുളം അഡീഷണല്‍ ജില്ലാ കോടതി ഉപാധികളോടെ സിനിമയുടെ സ്റ്റേ നീക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

സിനിമയുടെ റിലീസിന് ശേഷം ആരോപണം ഉന്നയിച്ച വ്യക്തികള്‍ക്ക് യാഥാര്‍ത്ഥ്യം ബോധ്യമാകുമെന്നും ആരോപണം തെറ്റായിരുന്നുവെന്ന് തെളിയിക്കപ്പെട്ടാല്‍ ഹര്‍ജിക്കാര്‍ക്കെതിരെ മാനനഷ്ടമുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും 'പൊറാട്ട് നാടക'ത്തിന്റെ സംവിധായകന്‍ നൗഷാദ് സാഫ്രോണ്‍, നിര്‍മ്മാതാവ് വിജയന്‍ പള്ളിക്കര, തിരക്കഥാകൃത്ത് സുനീഷ് വാരനാട്, നടന്‍ സൈജു കുറുപ്പ് എന്നിവര്‍ പറഞ്ഞു. നിര്‍മ്മാതാവിനും, തിരക്കഥാകൃത്തിനും വേണ്ടി അഡ്വ. മുഹമ്മദ് സിയാദ് ഹാജരായി. ചിത്രം ജനുവരിയോടെ തിയേറ്ററുകളിലെത്തും.

Tags