സരോജ് കുമാറിന്റെ ചില ഡയലോ​ഗുകൾ മമ്മൂട്ടിയുടെ സ്വഭാവത്തിൽ നിന്നും പകർത്തിയത്; ശ്രീനിവാസൻ

google news
sreenivasan

2005-ൽ റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, മീന എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു ഉദയനാണ് താരം. ചിത്രത്തിലെ ശ്രീനിവാസൻ അവതരിപ്പിച്ച സരോജ് കുമാർ എന്ന കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് ശ്രീനിവാസൻ. 

സരോജ് കുമാറിന്റെ ചില ഡയലോ​ഗുകൾ മമ്മൂട്ടിയുടെ സ്വഭാവത്തിൽ നിന്നും താൻ പകർത്തിയതാണെന്നാണ് ശ്രീനിവാസൻ പറയുന്നത്. മഴയെത്തും മുൻപേ എന്ന സിനിമയുടെ റിലീസ് സമയത്ത് മമ്മൂട്ടിയിൽ നിന്നും തനിക്കുണ്ടായ ഒരു അനുഭവവും ശ്രീനിവാസൻ പങ്കുവെച്ചിട്ടുണ്ട്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ ഇക്കാര്യം പറയുന്നത്. 

മഴയെത്തും മുൻപേ എന്ന സിനിമ ഇറങ്ങിയ സമയം, അതെ സമയം ഇറങ്ങിയ ചിത്രമാണ് മോഹൻലാലിന്റെ സ്പടികം. രണ്ട്‌ പടവും തരക്കേടില്ലാതെ ഓടിയ പടങ്ങൾ ആണ്. അപ്പൊ ഒരു ദിവസം ഞാനും മമ്മൂട്ടിയും കൊച്ചിന്‍ ഹനീഫയും കൂടെ ഒരു മീറ്റിംഗിന് പോവുകയായിരുന്നു. മമ്മൂട്ടിയായിരുന്നു വണ്ടി ഓടിച്ചിരുന്നത്. റോഡ് സൈഡിലുള്ള സ്ഫടികത്തിന്റേയും മഴയെത്തും മുന്‍പേയുടേയും പോസ്റ്ററുകള്‍ നോക്കുകയാണ് മമ്മൂട്ടി. ഉടൻ മമ്മൂട്ടി എന്നോട് പറഞ്ഞു, സ്പടികത്തിന്റെ പോസ്റ്റര്‍ കണ്ടോ മോഹന്‍ലാല്‍ മാത്രം. നമ്മുടെ പടത്തിന്റെ പോസ്റ്റര്‍ കണ്ടോ ശോഭനയും മറ്റാരൊക്കെയോ ഉണ്ട്. നീ ആ മാധവന്‍ നായരെ വിളിച്ച് പറ, എന്റെ ചിത്രം മാത്രം വച്ച് പോസ്റ്റര്‍ വെക്കാന്‍. 

അപ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ വിളിച്ചാല്‍ ഒരു പ്രശ്‌നമുണ്ട്. എന്റെ മുഖം മാത്രം വച്ച് പോസ്റ്റര്‍ ഇറക്കാനാകും ഞാന്‍ പറയുക. അതിന് ശേഷം മമ്മൂട്ടി അധികം പ്രോത്സാഹിപ്പിക്കാന്‍ വന്നില്ല. ഈ സംഭവത്തിൽ നിന്നാണ് ഉദയനാണ് താരത്തില്‍ ഞാന്‍ "എന്റെ തല എന്റെ ഫുള്‍ ഫിഗര്‍" എന്ന് പറയുന്നത്. അതൊക്കെ മമ്മൂട്ടിയെ കണ്ട് എഴുതിയതാണ്. മമ്മൂട്ടിയുടെ ആഗ്രഹമാണ് അത് എന്നും അദ്ദേഹം പറയുന്നു.