മാർക്കോ'യിലെ ബേബി ജീൻ പാടിയ ഗാനവും യുട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ

marco
marco

'മാര്‍ക്കോ'യെ വാഴ്ത്തിപ്പാടി ബേബി ജീന്‍ സോഷ്യല്‍ മീഡിയയിൽ  തരംഗം തീർക്കുകയാണ് . പാട്ട് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ് ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ'യിലെ 'മാര്‍പ്പാപ്പ' ഗാനം. 

ചിത്രത്തിലേതായി ആദ്യമിറങ്ങിയ സിംഗിള്‍ ബ്ലഡ് ഡബ്‌സിയുടേയും സന്തോഷ് വെങ്കിയുടേയും ശബ്ദത്തിലെത്തി സോഷ്യല്‍മീഡിയ മുഴുവന്‍ ഭരിക്കുന്നതിനിടയിലാണ് രണ്ടാമത്തെ ഗാനവും യൂട്യൂബ് മ്യൂസിക് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്. 'ബ്ലഡ്' ഇപ്പോഴും യൂട്യൂബ് മ്യൂസിക് ട്രെന്‍ഡിംഗില്‍ ഒന്നും രണ്ടും സ്ഥാനത്ത് തന്നെ തുടരുകയാണ്.

മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലില്‍ എത്തുന്ന 'മാര്‍ക്കോ'യിലെ രണ്ടാമത്തെ ഗാനമായ 'മാര്‍പ്പാപ്പ' സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിന്റെ മ്യൂസിക് ടീമില്‍ അംഗമായിരുന്ന സയീദ് അബ്ബാസ് ഈണമിട്ട് വിനായക് ശശികുമാര്‍ വരികളെഴുതി ബേബി ജീന്റെ ശബ്ദത്തിലാണ് എത്തിയിരിക്കുന്നത്. അത്യന്തം ചടുലമായ ഈണവും ഹെവി ബീറ്റുകളും ബേബി ജീന്റെ സ്‌പെഷല്‍ വോയ്‌സുമായി എത്തിയിരിക്കുന്ന ഗാനം കേള്‍ക്കുന്നവരെയെല്ലാം അഡിക്ടഡ് ആക്കിയിരിക്കുകയാണ്. സയീദ് അബ്ബാസ് സ്വതന്ത്ര സംവിധായകനായി ഒരുക്കിയിരിക്കുന്ന ആദ്യ ഗാനമാണിതെന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടി നായകനായെത്തുന്ന 'ബസൂക്ക'യുടെ ടീസര്‍ മ്യൂസിക്കും ഒരുക്കിയിരുന്നത് സയീദ് അബ്ബാസ് ആയിരുന്നു.
ഡിസംബര്‍ 20നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. 

Tags