'ഒരു ദളപതി, ഒരു തല, ഒരു ഉലകനായകൻ, ഒരു സൂപ്പർസ്റ്റാർ മാത്രം'; അവരായി മാറാൻ തനിക്ക് ഉദ്ദേശമില്ല; ശിവകാർത്തികേയൻ
അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം ദി ഗോട്ടിലെ ക്ലൈമാക്സിൽ വിജയ് ശിവകാർത്തികേയന് തോക്ക് കൈമാറുന്ന രംഗം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇത് വിജയ് തന്റെ സ്ഥാനം ശിവകാർത്തികേയന് കൈമാറിയതാണെന്നും അടുത്ത ദളപതി ശിവകാർത്തികേയൻ ആണ് എന്നൊക്കെയായിരുന്നു ചർച്ച. എന്നാൽ ഇപ്പോൾ ഇതിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവകാർത്തികേയൻ.
'ഒരു ദളപതി, ഒരു തല ,ഒരു ഉലകനായകൻ, ഒരു സൂപ്പർസ്റ്റാർ മാത്രമാണ് ഉള്ളതെന്നും അടുത്തത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല എന്നുമായിരുന്നു ശിവകാർത്തികേയന്റെ പ്രതികരണം. ഇവരുടെയെല്ലാം സിനിമകൾ കണ്ടിട്ടാണ് താൻ സിനിമയിലേക്ക് എത്തിയത്. അവരെ പോലെ നല്ല സിനിമകൾ ചെയ്ത് ഹിറ്റാക്കണം എന്ന് മാത്രമാണ് തന്റെ ആഗ്രഹം, അല്ലാതെ അവരായി മാറാൻ തനിക്ക് ഉദ്ദേശമില്ലെന്നും ശിവകാർത്തികേയൻ പറഞ്ഞു.
അതേസമയം ദി ഗോട്ടിലെ ക്ലൈമാക്സ് സീനിൽ അഭിനയിക്കാനായതിൽ സന്തോഷമുണ്ടെന്നും അതിന് നന്ദി പറയേണ്ടത് വെങ്കട്ട് പ്രഭു സാറിനും വിജയ് സാറിനുമാണെന്നും ശിവകാർത്തികേയൻ പറഞ്ഞു.