ഗായകന്‍ ഹരിശ്രീ ജയരാജ് അന്തരിച്ചു

google news
singer

പിന്നണി ഗായകന്‍ ഹരിശ്രീ ജയരാജ് (54) അന്തരിച്ചു. ആലുവ സ്വദേശിയാണ്. ഹൃദയാഘാതമായിരുന്നു മരണകാരണം. ചൊവ്വാഴ്ച പുലര്‍ച്ചെ ദേഹാസ്വസ്ഥം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളം കുടിച്ച് കിടന്നുറങ്ങിയ ഹരിശ്രീയെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
'കുടുംബശ്രീ ട്രാവത്സ്' എന്ന ചിത്രത്തിലെ 'തപ്പും തകിലടി' എന്ന ഗാനമാലപിച്ചാണ് ചലച്ചിത്ര പിന്നണിഗാന രംഗത്തെത്തേക്ക് പ്രവേശിച്ചത്. അല്ലു അര്‍ജുന്‍, വിജയ് തുടങ്ങിയവരുടെ ഒട്ടേറെ മൊഴിമാറ്റ ചിത്രങ്ങളിലും ഗാനമാലപിച്ചിട്ടുണ്ട്. കലാഭവന്‍, ഹരിശ്രീ തുടങ്ങി പ്രമുഖ ട്രൂപ്പുകളിലും അംഗമാണ് ഹരിശ്രീ ജയരാജ്.

മൂന്ന് പതിറ്റാണ്ടോളമായി സംഗീത മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഹരിശ്രീ, ആകാശവാണി തൃശൂര്‍, കൊച്ചി നിലയങ്ങളില്‍ ബി ഹൈ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു ഹരിശ്രീ ജയരാജ്. വിദേശ രാജ്യങ്ങളിലും ഗാനമേള അവതരിപ്പിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജെസി ഡാനിയേല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ജെസി ഡാനിയേല്‍ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Tags