'ആദ്യം സോഷ്യല്‍ മീഡിയ പൂട്ടിവയ്ക്ക്'; കമന്‍റിട്ടാലേ പഠിക്കൂ എന്ന് പറഞ്ഞ വിദ്യാർത്ഥികൾക്ക് മറുപടിയുമായി സിദ്ധാര്‍ത്ഥ്

siddharth

അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു ചലഞ്ചാണ് സെലിബ്രിറ്റികളെ കൊണ്ട് കമന്‍റ് ചെയ്യിക്കല്‍. പരീക്ഷയ്ക്ക് പഠിക്കണമെങ്കിൽ, വര്‍ക്കൗട്ട് ചെയ്യാനും, ജോലിക്ക് പോകാനും, ഭക്ഷണം കുറയ്ക്കാനും അടക്കം പല കാര്യങ്ങള്‍ക്കും താരങ്ങള്‍ പ്രോത്സാഹനം നല്‍കിയാലേ ചെയ്യൂ എന്ന അവസ്ഥയാണിപ്പോൾ. 

വിജയ് ദേവരകൊണ്ട, രശ്മിക, ഹൻസിക, ഷാരൂഖ് ഖാൻ, വിജയ്, ടൊവീനോ, നിഖില വിമല്‍, നസ്ലിൻ, ബേസിൽ ജോസഫ് തുടങ്ങി നിരവധി താരങ്ങളെയാണ് മെൻഷൻ ചെത് കമന്റിടാൻ ആവശ്യപ്പെടുന്നത്. ടോവിനോ, ബേസിൽ ജോസഫ് തുടങ്ങിയവർ ഇത്തരം ചില ചലഞ്ചുകളിൽ കമന്റിടുകയും ചെയ്തിരുന്നു.

ഇത്തരത്തിൽ പരീക്ഷയ്ക്ക് പഠിക്കണമെങ്കിൽ കമന്റിടണം എന്ന് തന്നെ മെൻഷൻ ചെയ്ത് ആവശ്യപ്പെട്ട വിദ്യാർത്ഥികളോട് സൗത്തിന്ത്യൻ നടൻ സിദ്ധാർത്ഥ് നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

'ഈ ട്രെൻഡ് അത്ര രസകരമായൊരു ട്രെൻഡ് അല്ലെന്നും പരീക്ഷയ്ക്ക് പഠിക്കണമെങ്കില്‍ ആദ്യം സോഷ്യല്‍ മീഡിയ ഒക്കെ പൂട്ടിവയ്ക്ക്, തന്നെ മെൻഷൻ ചെയ്ത വിദ്യാര്‍ത്ഥികളോട് ഒന്നേ പറയാനുള്ളൂ, പഠിക്കൂ - പഠിക്കൂ പ്ലീസ് എന്നാണ് വീഡിയോയില്‍ സിദ്ധാര്‍ത്ഥ് പറയുന്നത്. ഒപ്പം താൻ ആര്‍ക്കും മറുപടി നല്‍കാൻ വരില്ലെന്നും കമന്‍റ് ചെയ്യില്ലെന്നും സിദ്ധാര്‍ത്ഥ് വീഡിയോയില്‍ വ്യക്തമായി പറയുന്നുണ്ട്.