തിയറ്ററുകൾ പിടിച്ചു കുലുക്കാൻ ഷാജിപാപ്പനും പിള്ളേരും വീണ്ടുമെത്തുന്നു

aadu 3

ചിത്രം തിയേറ്ററുകളിൽ വലിയ ഓളമുണ്ടാക്കിയില്ലെങ്കിലും  ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിച്ച സിനിമയാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത 'ആട് ഒരു ഭീകരജീവിയാണ്' എന്ന ചിത്രം. ഷാജിപ്പാപ്പാന്‍റെ വസ്ത്രവും മ്യൂസിക്കും ട്രെൻഡ് ആയി മാറിയതാണ് .

സാമൂഹിക മാധ്യമങ്ങളിൽ ഒന്നാം ഭാഗത്തിന്‍റെ പിന്തുണ കണ്ടാണ് വിജയ് ബാബുവും മിഥുനും ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുക്കിയത്. ആട് 2 ജനങ്ങൾ ഏറ്റെടുത്തു. തിയേറ്ററുകൾ പൂരപ്പറമ്പാക്കിയാണ് ചിത്രം ജൈത്രയാത്ര നടത്തിയത്. പിന്നാലെ, മൂന്നാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനവും ടീം നടത്തിയിരുന്നു. ഇപ്പോഴിതാ, ആട് 3 എത്തുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് നിർമാതാക്കൾ.

നടൻ ജയസൂര്യ, നിർമാതാവ് വിജയ് ബാബു, സംവിധായകൻ മിഥുൻ മാനുവൽ തോമസ് തുടങ്ങിയവർ സമൂഹമാധ്യമങ്ങളിലൂടെയാണ് ആട് 3യുടെ വരവറിയിച്ചിരിക്കുന്നത്. മൂവരും മൂന്ന് ആടിനെ തോളിലും കൈകളിലുമെടുത്ത് നിൽക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.

'പാപ്പനും പിള്ളേരും വരുവാ കേട്ടോ... ഇനി അങ്ങോട്ട് 'ആടുകാലം' -എന്നാണ് ജയസൂര്യ ഫേസ്ബുക്കിലെഴുതിയത്. ഷാജി പാപ്പൻ, ഡ്യൂഡ്, അറക്കൽ അബു, സാത്താൻ സേവ്യർ, സർബത്ത് ഷമീർ, ക്യാപ്റ്റൻ ക്ലീറ്റസ്, ശശി ആശാൻ തുടങ്ങി നിങ്ങളുടെ പ്രിയപ്പെട്ട എല്ലാ കഥാപാത്രങ്ങളും വീണ്ടുമെത്തുകയാണെന്ന് വിജയ് ബാബു പറഞ്ഞു.

'പാപ്പൻ സിൻഡിക്കറ്റ് വരാർ' എന്നാണ് മിഥുൻ മാനുവൽ തോമസ് സമൂഹമാധ്യമങ്ങളിൽ പറഞ്ഞത്. ഷാജി പാപ്പന്‍റെ ആരാധകർക്ക് നൽകിയ വാഗ്ദാനം നിറവേറ്റുകയാണെന്നും സംവിധായകൻ വ്യക്തമാക്കി.

.

Tags