ദുൽഖർ ചിത്രം 'സീതാ രാമ'ത്തിന് ഗൾഫിൽ പ്രദർശന വിലക്ക്
Dulquer Salmaan Movie Seetharamam

 

ദുൽഖർ നായകനാകുന്ന റൊമാന്റിക് ചിത്രം 'സീതാ രാമം' ഓഗസ്റ്റ് അഞ്ചിന് തീയറ്ററുകളിൽ റിലീസിന് ഒരുങ്ങവേ ചിത്രത്തിന് ഗൾഫിൽ പ്രദർശനാനുമതി നിഷേധിച്ചു. ദുൽഖർ ചിത്രങ്ങളുടെ വലിയൊരു മാർക്കറ്റ് തന്നെയായതിനാല്‍ ഗൾഫിലെ നിരോധനം ചിത്രത്തെ ബാധിക്കും. യുഎഇയിൽ ചിത്രം വീണ്ടും സെൻസറിങ്‌ നടത്തുവാനായി സമർപ്പിച്ചിട്ടുണ്ട്. 

ദുൽഖർ, മൃണാൾ താക്കൂർ, രശ്‍മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് ഈ റൊമാന്റിക് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. 'സല്യൂട്ട്', 'ഹേ സിനാമിക', 'കുറുപ്പ്' എന്നിവയാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ ദുൽഖർ ചിത്രങ്ങൾ.

'ലഫ്റ്റനന്റ് റാം' എന്ന കഥാപാത്രമായി ദുൽഖർ  എത്തുന്ന ചിത്രം കശ്‍മിർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാൽ ചന്ദ്രശേഖർ ചിത്രത്തിന്റെ സംഗീതസംവിധാനവും പി എസ് വിനോദ്, ശ്രേയസ് കൃഷ്‍ണ എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് 'റാം' എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞിരുന്നു.

നിർമ്മാതാക്കൾ: അശ്വിനി ദത്ത്, ബാനർ: സ്വപ്‍ന സിനിമ, അവതരിപ്പിക്കുന്നത്: വൈജയന്തി മൂവീസ്, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു, കലാസംവിധാനം: വൈഷ്‍ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ, കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗീതാ ഗൗതം, പിആർഒ: ആതിര ദിൽജിത്.


 

Share this story