ആശയപരമായി താനൊരു 'പെരിയാറിസ്റ്റ്'; നരേന്ദ്ര മോദിയുടെ ബയോപിക്കിൽ താൻ അഭിനയിക്കില്ല; സത്യരാജ്

sathyaraj

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ താൻ അഭിനയിക്കില്ലെന്ന് വ്യക്തമാക്കി പ്രമുഖ തെന്നിന്ത്യൻ നടൻ സത്യരാജ്. ആശയപരമായി താനൊരു 'പെരിയാറിസ്റ്റ്' ആണെന്നും അതുകൊണ്ടു തന്നെ മോദിയുടെ വേഷം ചെയ്യാൻ തയ്യാറല്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. 

അടുത്തിടെ മോദിയുടെ ബിയോപിക്കിൽ മോദിയുടെ വേഷം സത്യരാജ് ചെയ്യുമെന്ന് റിപോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് എം പി കാർത്തി ചിദംബരം ഉൾപ്പെടെയുള്ളവർ വിമർശനമുന്നയിച്ചു രംഗത്തെത്തുകയും ചെയ്തിരുന്നു. വിഷയം വലിയ രീതിയിൽ ചർച്ചയായതോടെയാണ് വിശദീകരണവുമായി സത്യരാജ് രംഗത്തെത്തിയത്. അതേസമയം സത്യരാജിന് മോദിയുടെ റോൾ നൽകരുതെന്ന് പറഞ്ഞ് ബിജെപി കേന്ദ്രങ്ങളും രംഗത്തെത്തിയിരുന്നു.

2007ൽ സാമൂഹിക പരിഷ്കർത്താവായ പെരിയാറിന്റെ ജീവചരിത്രത്തിൽ പ്രധാന വേഷം ചെയ്തത് സത്യരാജായിരുന്നു. സിനിമയ്ക്ക് നിരൂപക പ്രശംസയും ലഭിച്ചിരുന്നു. പ്രധാനമന്ത്രി മോദിയുടെ ജീവിതകഥയുമായി ബന്ധ​പ്പെട്ട് ഇതിനകം നിരവധി ബയോപിക്കുകൾ പുറത്തിറങ്ങിയിട്ടുണ്ട്. 2019ൽ വിവേക് ​​ഒബ്‌റോയിയെ നായകനാക്കി 'പി എം നരേന്ദ്ര മോദി' എന്ന ജീവചരിത്ര സിനിമയാക്കിയിരുന്നു.