കാന്‍ ഫിലിം ഫെസ്റ്റിവൽ: പിയര്‍ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരം സന്തോഷ് ശിവന്

santhosh sivan

പാരീസ്: 2024 കാന്‍ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ തിളക്കം. അന്താരാഷ്ട്ര തലത്തിലെ പ്രഗത്ഭരായ ഛായാഗ്രാഹകര്‍ക്ക് നല്‍കിവരുന്ന പുരസ്‌കാരമായ പിയര്‍ ആഞ്ജിനൊ (Pierre Angénieux) ട്രിബ്യൂട്ട് പുരസ്‌കാരം ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന് . ഈ അവാര്‍ഡ്‌ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് സന്തോഷ് ശിവന്‍. മെയ് 24-ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. 

അതിശയകരമായ കരിയറും അസാധാരണമായ മികവും പരിഗണിച്ചാണ് സന്തോഷ് ശിവനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. സന്തോഷ് ശിവന് യുവതലമുറയുമായി പ്രവര്‍ത്തനാനുഭവം പങ്കുവെക്കാനുള്ള അവസരവും സംഘാടകര്‍ ഒരുക്കുന്നുണ്ട്. 

റോജ, യോദ്ധ, ദില്‍സേ, ഇരുവര്‍, കാലാപാനി, വാനപ്രസ്ഥം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ അത്ഭുതപ്പെടുത്തുന്ന ഫ്രെയിമുകളിലൂടെ പ്രേക്ഷകര്‍ക്ക് വേറിട്ട ദൃശ്യാനുഭവങ്ങള്‍ സമ്മാനിച്ച സന്തോഷ് ശിവന്‍ അനന്ദഭദ്രം, അശോക, ഉറുമി മുതലായ ചിത്രങ്ങളിലൂടെ സംവിധായകന്‍ എന്ന നിലയിലും കൈയ്യൊപ്പ് പതിപ്പിച്ചു.

അമേരിക്കന്‍ സൊസൈറ്റി ഓഫ് സിനിമാ ഫോട്ടോഗ്രാഫേഴ്‌സില്‍ ഏഷ്യ-പെസഫികില്‍ നിന്ന് അംഗമായ ഏക വ്യക്തി കൂടിയായ സന്തോഷ് ശിവൻ 12 ദേശീയ പുരസ്‌കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്‌കാരങ്ങളും മൂന്ന് തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരങ്ങളും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.