സംഗീത് ശിവന്റെ വിയോഗം മലയാള സിനിമയെ സംബന്ധിച്ച് തീരാ നഷ്ടം ; ജി സുരേഷ്‌കുമാര്‍

google news
sangeeth
സംഗീത് ശിവന്റെ വിയോഗം മലയാള സിനിമയെ സംബന്ധിച്ച് തീരാ നഷ്ടമെന്ന് പ്രൊഡ്യൂസര്‍ ജി സുരേഷ്‌കുമാര്‍ പ്രതികരിച്ചു. മലയാള സിനിമയില്‍ നല്ല ഫ്രെയിമുകള്‍ കൊണ്ട് സമ്പന്നമാക്കിയ സംവിധായകനാണ് സംഗീതെന്നും മലയാളത്തിന്റെ അഭിമാനമാണ് അദ്ദേഹമെന്നും ജി സുരേഷ് കുമാര്‍ പ്രതികരിച്ചു.

‘സംഗീത് ആശുപത്രിയില്‍ രണ്ടു മൂന്ന് ദിവസമായി വെന്റിലേറ്ററില്‍ ആയിരുന്നു. ഞാനും സംഗീതമായിട്ടുള്ള ബന്ധം തുടങ്ങുന്നത് ഒന്നാം ക്ലാസ് മുതല്‍ ഒരു ക്ലാസ്സില്‍ പഠിച്ചാണ്. തിരുവനന്തപുരത്ത് ഹോളി ഏജല്‍സ് കോളേജിലാണ് ഒരുമിച്ച് പഠിച്ചത്. ആ ബന്ധം സിനിമാ ജീവിതത്തിലും ഇതുവരെയും കാത്തു സൂക്ഷിച്ചിട്ടുണ്ട്. സംഗീതിന്റെ ശിവന്‍ സ്റ്റുഡിയോയില്‍ വെച്ചാണ് ഫോട്ടോഗ്രാഫിയുടെ കാര്യങ്ങള്‍ എല്ലാം പഠിക്കുന്നത്. സന്തോഷിനു മുന്നേ സംഗീതാണ് സിനിമയില്‍ എത്തുക എന്നാണ് കരുതിയത്. ചെറുപ്പം മുതല്‍ കാമറ ചലിപ്പിക്കുന്നതില്‍ എല്ലാം പ്രാഗത്ഭ്യം കാണിച്ചത് സംഗീതായിരുന്നു.

മലയാളത്തിന് അഭിമാനമാണ് സംഗീത്. മലയാളത്തില്‍ നിന്നൊരാള്‍ ഹിന്ദിയില്‍ എത്തി അവിടെ നിന്നും ഉന്നതങ്ങള്‍ കീഴടക്കിയത് അഭിമാനമാണ്. പ്രിയദര്‍ശന്‍ കഴിഞ്ഞാല്‍ സംഗീതാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ഹിന്ദിയില്‍ ചെയ്തിട്ടുള്ള സംവിധായകന്‍ എന്നു എനിക്ക് തോനുന്നു. ഇപ്പോള്‍ പോലും ഒരു വെബ് സീരീസ് ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് ഈ അപ്രതീക്ഷിത വിയോഗം. എന്നെ സംബന്ധിച്ചിടത്തോളം കുടുംബത്തിലെ ഒരംഗമാണ് അദ്ദേഹം. സംഗീതിന്റെ പിതാവിനെ ഒരു ഗുരുസ്ഥാനീയനായാണ് കരുതുന്നത്.

അദ്ദേഹത്തിന്റെ യോദ്ധ ചിത്രം എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. വളരെ അധികം ഹോം വര്‍ക്ക് ചെയ്യുന്ന ഒരു സംവിധായകനാണ് അദ്ദേഹം. ഒരു ഫോട്ടോഗ്രാഫര്‍ കൂടിയായതു കൊണ്ട് നല്ല ഫ്രെയിമുകളും അദ്ദേഹത്തിന്റെ സിനിമകളില്‍ ഉണ്ടാകാറുണ്ട്. തിരുവനന്തപുരത്ത് ആറ് മാസം മുന്നേ നടന്ന ശിവന്‍ സ്റ്റുഡിയോയുടെ വാര്‍ഷികത്തില്‍ എന്നെ വിളിക്കുകയും നിരവധി ഫോട്ടോകള്‍ കാണിക്കുകയും എടുക്കുകയും ചെയ്തിരുന്നു’ – സുരേഷ്‌കുമാര്‍ പറഞ്ഞു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് സന്തോഷ് ശിവന്‍ അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം. യോദ്ധ, ഗാന്ധര്‍വ്വം, നിര്‍ണ്ണയം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകള്‍.

Tags