സലാറിനെ ഗെയിം ഓഫ് ത്രോണ്‍സുമായാണ് താരതമ്യം ചെയ്യാം ; പൃഥ്വിരാജ്

salar

പ്രശാന്ത് നീല്‍ സംവിധാനത്തിലൊരുങ്ങുന്ന സലാറിന്റെ റിലീസ് അടുക്കുമ്പോള്‍ പ്രഭാസ് ആരാധകരെ ചിത്രം നിരാശപ്പെടുത്തില്ല എന്ന ഉറപ്പ് നല്‍കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. സലാറില്‍ സുപ്രധാന വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ചിത്രം 'ഗെയിം ഓഫ് ത്രോണ്‍സു'മായി താരതമ്യം ചെയ്യാനാകുമെന്നും സലാര്‍ നിരവധി കഥാപാത്രങ്ങളും ചരിത്രവുമെല്ലാം പറയുന്ന വലിയ അദ്ധ്യായമാണെന്നും നടന്‍ പറഞ്ഞു. ചിത്രം രണ്ട് ഭാഗങ്ങളില്‍ എങ്ങനെ ഒതുക്കും എന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

'ഞാന്‍ സലാറിനെ ഗെയിം ഓഫ് ത്രോണ്‍സുമായാണ് താരതമ്യം ചെയ്യുക. ഇത് ഞാന്‍ പ്രശാന്തിനോടും പറഞ്ഞിട്ടുണ്ട്. കാരണം സലാറിലെ കഥയങ്ങനെയാണ്. നിരവധി കഥാപാത്രങ്ങളും അവരുമായി ബന്ധപ്പെട്ട സബ്‌സ്റ്റോറികളും അങ്ങനെ തുടങ്ങി വളരെ സങ്കീര്‍ണ്ണമായ കഥയാണ് സലാറിലുള്ളത്. എനിക്കിപ്പോഴും സംശയമാണ് ഈ സിനിമ രണ്ട് ഭാഗങ്ങളാക്കി പ്രശാന്ത് എങ്ങനെ ഒതുക്കുമെന്ന്.

ഞാന്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയുമായി ബന്ധപ്പെട്ട് ഹൈദരാബാദ് വന്ന സമയത്താണ് സലാറിന്റെ ലുക്ക് ടെസ്റ്റിനായി പ്രശാന്തിനടുത്ത് എത്തിയത്. രാത്രിയോടെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി രണ്ട് മൂന്ന് ഔട്ട്ഫിറ്റുകളില്‍ കുറച്ച് സ്റ്റില്‍സൊക്കെ എടുത്തു. അപ്പോഴാണ് അദ്ദേഹം എനിക്ക് സിനിമയുടെ ഒരു വിവരണം തരുന്നത്. കഥയുടെ ഫൈനല്‍ ഡ്രാഫ്റ്റ് പോലുമായിട്ടില്ലായിരുന്നു. അദ്ദേഹത്തിന് ഫൈനല്‍ ഡ്രാഫ്റ്റ് എന്നൊന്നില്ലെന്ന് പറയുന്നതാകും ശരി. കാരണം, കഥ പറഞ്ഞുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ അദ്ദേഹം സീന്‍ ഡെവലപ്പ് ചെയ്യാറുണ്ട്.

ഫോട്ടോ ഷൂട്ട് കഴിഞ്ഞ് താഴെ ഞങ്ങള്‍ ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് സൈഡിലുള്ള ഒരു വലിയ ബോര്‍ഡ് ശ്രദ്ധിച്ചത്. അതില്‍ ഘാന്‍സാറിലെ (കഥ നടക്കുന്ന സ്ഥലം) എല്ലാ കഥാപാത്രങ്ങളെയും കുറിച്ച് എഴുതി വച്ചിരിക്കുകയാണ് അദ്ദേഹം. ഘാന്‍സാറിന്റെ ചരിത്രം. അവിടുത്തെ രാഷ്ട്രീയ പശ്ചാത്തലം, ഒരോ ഗോത്രങ്ങളുടെയും പ്രത്യേകതകള്‍, ബന്ധങ്ങള്‍, ഇതുമായി ബന്ധപ്പെട്ട് ഡയഗ്രം എന്നിങ്ങനെ ആ വലിയ ബോര്‍ഡ് നിറയെ ചെറിയ ഡീറ്റൈല്‍സ് പോലും എഴുതിയിരിക്കുന്നു. സിനിമയക്ക് വേണ്ടി ഈ മനുഷ്യന്‍ എത്രമാത്രമാണ് ചിന്തിച്ചുകയറിയിരിക്കുന്നത് എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടു. രോമാഞ്ചമുണ്ടാക്കുന്ന നിരവധി നിമിഷങ്ങള്‍, വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ എന്നിങ്ങനെ ഒരുപാട് കാര്യങ്ങള്‍ സിനിമയിലുണ്ട്. ഒരു കാര്യത്തില്‍ ഞാന്‍ ഉറപ്പ് നല്‍കാം, സലാര്‍ കണ്ട് ഒരു പ്രഭാസ് ആരാധകനും തിയേറ്റര്‍ വിട്ട് നിരാശയോടെ തിയേറ്റര്‍ വിടില്ല,' പൃഥ്വിരാജ് പറഞ്ഞു.

Tags