തനിക്ക് നൽകിയത് മോശം വാഹനം; പത്തിലധികം തവണ അറ്റകുറ്റപ്പണിക്ക് കയറ്റി; ലാന്‍ഡ് റോവറിനെതിരെ നിയമനടപടിയുമായി നടി
ആഡംബര വാഹന കമ്പനിയായ ലാന്‍ഡ് റോവറിനെതിരെ നിയമനടപടിയുമായി പ്രമുഖ ബോളിവുഡ് താരം റിമി സെന്‍. മോശം വാഹനം നല്‍കി പറ്റിച്ചുവെന്നാണ് നടിയുടെ പരാതി. കാറിന്റെ അറ്റകുറ്റപ്പണികളുടെ പേരില്‍ ലാന്‍ഡ് റോവര്‍ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും നടി പരാതിയില്‍ പറയുന്നു. വാഹന കമ്പനിക്കെതിരെ നടി 50 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.
Also read: അറസ്റ്റ് ഭയന്ന് നടന്‍ ജയസൂര്യ ന്യൂയോര്‍ക്കില്‍ തുടരുന്നു; ദുബായിലേക്ക് കടക്കാന്‍ ശ്രമം
2020ലാണ് ലാന്‍ഡ് റോവറിന്റെ ഡീലര്‍മാരായ സതീഷ് മോട്ടോഴ്സില്‍ നിന്ന് 92 ലക്ഷം രൂപ മുടക്കി നടി കാര്‍ വാങ്ങിയത്. എന്നാല്‍ കൊവിഡ് സമയത്ത് ലോക്ഡൗണിനെ തുടര്‍ന്ന് നടിയ്ക്ക് വാഹനം കാര്യമായി ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് വാഹനം പുറത്തിറക്കാന്‍ തുടങ്ങിയതോടെയാണ് ഓരോരോ പ്രശ്നങ്ങള്‍ അനുഭവപ്പെട്ട് തുടങ്ങിയത്. വണ്ടിയുടെ സണ്‍ പ്രൂഫ്, സൗണ്ട് സിസ്റ്റം, റിയര്‍ എന്‍ഡ് ക്യാമറ എന്നിവയെല്ലാം തകരാറിലായി.
പിന്‍ ക്യാമറ തകരാറിലായതിനെ തുടര്‍ന്ന് 2022 ഓഗസ്റ്റ് 25ന് വാഹനം ഒരു തൂണില്‍ ഇടിച്ചു. വാഹനത്തിന് തുടര്‍ച്ചയായി അനുഭവപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ഡീലര്‍മാരെ അറിയിച്ചിട്ടും, അവര്‍ വിഷയം കാര്യമായി എടുത്തില്ലെന്ന് മാത്രമല്ല തെളിവുകള്‍ ചോദിച്ച് അവര്‍ പരാതി തള്ളിക്കളയുകയായിരുന്നു. പത്തിലധികം തവണ വാഹനം അറ്റകുറ്റപ്പണിക്ക് കയറ്റിയെന്നും താരം പരാതിയില്‍ പറയുന്നു.
താന്‍ കടന്നുപോയ മാനസിക ബുദ്ധിമുട്ടിനും സംഘര്‍ഷത്തിനും നഷ്ടപരിഹാരമായാണ് 50 കോടി നല്‍കണമെന്ന് താരം ആവശ്യപ്പെട്ടത്. കോടതി ചെലവിലേക്ക് 10 ലക്ഷം നല്‍കണമെന്നും വാഹനം മാറ്റി നല്‍കണമെന്നും നടി പരാതിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.